ഒരു പേര് ചരിത്രം : തൊടുപുഴ പുളിക്കൽ പാലം ; അല്ലല്ലാ പഴയ പാലം
തൊടുപുഴ: നഗരത്തിന്‍റെ പ്രധാന ആകര്‍ഷണമാണ് ഒരിക്കലും വറ്റാതെയൊഴുകുന്ന തൊടുപുഴയാറും കുറുകെയുള്ള പാലവും. പാലത്തിനക്കരെയും പാലത്തിനിക്കരെയും എന്നാണ് നഗരത്തെ പഴമക്കാര്‍ ഇപ്പോഴും വിശേഷിപ്പിക്കുന്നതും.
ഗാന്ധി സ്ക്വയറിനെയും മുനിസിപ്പല്‍ ഓഫിസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പഴയ പാലത്തെ നഗരത്തിന്‍റെ ലാന്‍ഡ് മാര്‍ക്ക് എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.നാട്ടുകാരുടെ ഈ പഴയ പാലത്തിന്‍റെ പേരുമാറ്റം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
പാലത്തിനു സമീപം പൊതുമരാമത്ത് കഴിഞ്ഞ ദിവസം പുളിക്കല്‍ പാലം എന്ന് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചതാണ് കാരണം. ഗാന്ധി സ്ക്വയറിന് സമീപം പഴയ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്നും മറുവശത്ത് നഗരസഭ ഓഫിസിന് സമീപവുമാണ് പുളിക്കല്‍ പാലം എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡ് എഴുതി സ്ഥാപിച്ചത്. ഇനി പേര് എഴുതിയ ബോര്‍ഡ് തെറ്റായ സ്ഥലത്തുകൊണ്ട് വെച്ചതാണോ എന്ന സംശയവും ഉണ്ടായി.
നാളുകളായി പഴയ പാലം അടയാളമായി പറഞ്ഞിരുന്നവരും നഗരവാസികളുമൊക്കെ ഇപ്പോള്‍ എന്താണ് ഇങ്ങനെയൊരു പേരെന്ന അന്വേഷണത്തിലായി. ഇതോടെ പൊതുമരാമത്ത് അധികൃതര്‍ യഥാര്‍ഥ വസ്തുത വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.പഴയ പാലത്തിന്‍റെ യഥാര്‍ഥ പേര് പൊതുമരാമത്തിന്‍റെ രേഖകളിലിലെല്ലാം പുളിക്കല്‍ പാലമെന്നാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
ഔദ്യോഗിക രേഖകളിലും ഈ പേര് തന്നെ. വര്‍ഷങ്ങള്‍ക്ക് മുമ്ബ് പാലത്തോട് ചേര്‍ന്ന് പുളിക്കല്‍ എന്നൊരു കുടുംബം താമസിച്ചിരുന്നുവെന്നും ഇവിടുണ്ടായിരുന്ന കടവിന്‍റെ പേര് പുളിക്കല്‍ എന്നായിരുന്നുവെന്നും പറയുന്നു. പുളിക്കലാറെന്നും പലരും തൊടുപുഴയെ വിളിച്ചതായി പഴമക്കാര്‍ പറയുന്നു. ഇങ്ങനെ ഇവിടെ നിര്‍മിച്ച പാലത്തിനും ആ പേര് വീഴുകയായിരുന്നു.
കോണ്‍ക്രീറ്റ് പാലം വരുന്നതിന് മുമ്ബ് തടിപ്പാലത്തിലൂടെയാണ് ആളുകള്‍ സഞ്ചരിച്ചിരുന്നത്. അന്ന് ഇടുക്കി പദ്ധതി ആരംഭിക്കാത്തതിനാല്‍ അവിടെ നിന്നുള്ള വെള്ളം തൊടുപുഴയാറിലേക്ക് ഒഴുകിയെത്തിയിരുന്നില്ല. കനത്ത മഴയില്‍ മാത്രമാണ് അന്ന് പുഴ നിറഞ്ഞിരുന്നത്. വേനല്‍ക്കാലത്ത് പുഴയിലൂടെ നടന്നാണ് ആളുകള്‍ അക്കരെ പോയിരുന്നത്.
1962ലാണ് കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചത്. ഇടുക്കി പദ്ധതിയുടെ നിര്‍മാണ കാലത്ത് ഭാരം കൂടിയ യന്ത്രസാമഗ്രികള്‍ ഇതുവഴി കൊണ്ടുപോകുക കൂടിയായിരുന്നു ലക്ഷ്യം. സുര്‍ക്കിയിലായിരുന്നു അന്നത്തെ തടിപ്പാലത്തിന്‍റെ തൂണുകള്‍ നിര്‍മിച്ചിരുന്നത്. അതിന്‍റെ മുകളില്‍ പാലം കോണ്‍ക്രീറ്റ് ചെയ്തു. അന്നത്തെ പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അബ്ദുല്‍ ഷുക്കൂര്‍, കരിങ്കുന്നം രാമചന്ദ്രന്‍, ഐ.സി. പൗലോസ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പാലം നിര്‍മാണം. പച്ചിക്കര പുന്നൂസ് സൂപ്രണ്ടിങ് എന്‍ജിനീയറായിരുന്നു.
1990ഓടെ തൊടുപുഴയാറിന് സമീപം മൂപ്പില്‍ കടവില്‍ മറ്റൊരു പാലം കൂടി വന്നതോടെ പഴയ പാലമെന്ന വിളിപ്പേരും ആദ്യം നിര്‍മിച്ചതിന് കിട്ടി. ഇതോടെ പുളിക്കല്‍ പാലമെന്ന പേര് പലരും മറന്നു. എന്തായാലും പുതിയ പേരിന് ചന്തമൊക്കെയുണ്ടെന്ന് പറയുന്നവരും ഞങ്ങള്‍ക്ക് പഴയ പാലമെന്ന് തന്നെയാണ് വിളിക്കാനിഷ്ടമെന്ന് പറയുന്നവരുമുണ്ട്.