യുഡിഎഫിലേക്ക് ക്ഷണിച്ചെങ്കിലും ഇനിയൊരു മടക്കം ഉണ്ടാകില്ലെന്ന് ജോസ് കെ മാണി വിഭാഗം
കോട്ടയം: കോഴിക്കോട്ടെ ചിന്തന്‍ ശിബിറില്‍ കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിച്ചെങ്കിലും ഇനിയൊരു മടക്കം ഉണ്ടാകില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അഭിപ്രായം.
സംസ്ഥാനത്ത് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്ബോള്‍ തന്നെ ദേശീയ തലത്തില്‍ യുപിഎ സഖ്യത്തിലാണ് ജോസ് വിഭാഗം. ഗാന്ധി കുടുംബവുമായി നല്ല ബന്ധമാണ് താനും. എങ്കിലും യുഡിഎഫിലേക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു മടങ്ങിപ്പോക്കിന് ജോസില്ല.
രണ്ടുവര്‍ഷംമുമ്ബ് നഷ്ടപ്പെടുത്തിയതും 39 വര്‍ഷത്തിനുശേഷം സിപിഎം. സ്വന്തമാക്കിയതും വലിയൊരു സമ്ബാദ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചറിയാന്‍ വൈകി. ഇടതുമുന്നണിയിലെത്തി രണ്ടുവര്‍ഷത്തിനുശേഷം കേരള കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് മധ്യകേരളത്തിന്റെ രാഷ്ട്രീയത്തില്‍ അവര്‍ക്കുള്ള സ്വാധീനം മനസ്സിലാക്കിത്തന്നെയാണ്.
യു.ഡി.എഫില്‍നിന്ന് കേരള കോണ്‍ഗ്രസിനെ പടിയിറക്കിയ ബെന്നി ബെഹന്നാന്റെ പ്രസ്താവന വന്നപ്പോള്‍ത്തന്നെ സിപിഎം. കരുനീക്കം നടത്തിയിരുന്നു. അന്ന് കോട്ടയത്ത് ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍.വാസവന്‍ നടത്തിയ രാഷ്ട്രീയനീക്കങ്ങളാണ് കേരള കോണ്‍ഗ്രസിനെ ഇടതുപാളയത്തിലെത്തിച്ചത്. അന്നത്തെ തീരുമാനം തെറ്റായെന്ന് പരോക്ഷമായി കോണ്‍ഗ്രസ് സമ്മതിക്കുമ്ബോള്‍, കേരള കോണ്‍ഗ്രസ് പറയുന്നത്, സമയം വൈകി. ഇപ്പോള്‍ ഇടതു മുന്നണിയില്‍ ഹാപ്പിയാണെന്നതാണ്.
ഒപ്പം നിന്നാല്‍ പാരവെക്കാതെ പ്രവര്‍ത്തിക്കുന്നവരാണ് ഇടതു പ്രവര്‍ത്തകര്‍. അതുകൊണ്ട് തന്നെ ഇനിയൊരു മടക്കമുണ്ടാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കേരള കോണ്‍ഗ്രസ് എം കൈവശം വെച്ചിരിക്കുന്ന വോട്ടിന്റെ ശേഖരം സിപിഎമ്മിനെ എക്കാലത്തും അലോസരപ്പെടുത്തിയിരുന്നു.
മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷമുള്ള കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫിനെ വള്ളപ്പാടുകള്‍ മുന്നിലാക്കിയിരുന്നത് കേരള കോണ്‍ഗ്രസ് വോട്ടുകളും അവരുടെ സ്വാധീനവുമാണെന്ന് സിപിഎം. വിലയിരുത്തി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വി.എന്‍.വാസവന്‍തന്നെയാണ് ഇവിടെ പരാജയപ്പെട്ടതും. ഈ തിരിച്ചറിവാണ് 2020-ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഇടതിലേക്ക് വഴിതുറന്നത്.
ഒന്നാം നായനാര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ 1981 ഒക്ടോബര്‍ 20-ന് മാണി ഗ്രൂപ്പ് പിന്‍വലിച്ചശേഷം കേരള കോണ്‍ഗ്രസ് എം ഐക്യമുന്നണിയിലായിരുന്നു. തദ്ദേശത്തില്‍ ഇതേവരെ മുന്നണി വിജയിക്കാത്ത പാലാപോലുള്ള മുനിസിപ്പാലിറ്റികളും കോട്ടയം ജില്ലാ പഞ്ചായത്തും ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയടക്കമുള്ള പല പഞ്ചായത്തുകളും ചുവന്നു. ആ നേട്ടമാണ് അസംബ്ലിയില്‍ 13 സീറ്റെന്ന വലിയ പരിഗണന സമ്മാനിച്ചത്. പ്രാദേശിക എതിര്‍പ്പ് വന്നതിനാല്‍ മത്സരം 12 സീറ്റിലേക്ക് ചുരുങ്ങിയെങ്കിലും സിപിഎം. തന്ന അംഗീകാരം വലുതായിരുന്നുവെന്ന് ജോസ് കെ.മാണിതന്നെ സമ്മതിച്ചു. അഞ്ചിടത്താണ് പാര്‍ട്ടി വിജയിച്ചത്.
ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, റാന്നി, തിരുവല്ല, ഇടുക്കി, പിറവം, കടുത്തുരുത്തി, കോതമംഗലം, തിരുവമ്ബാടി, കുറ്റ്യാടി, ചാലക്കുടി, ഇരിങ്ങാലക്കുട, ഇരിക്കൂര്‍, പേരാമ്ബ്ര, തൊടുപുഴ തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ഇടതുപോക്കറ്റ് വികസിപ്പിച്ചു. ജയാപജയങ്ങള്‍ക്കപ്പുറം ഓരോ അധികവോട്ടും നിക്ഷേപമായാണ് സിപിഎം. വിലയിരുത്തിയത്. ഇടതുമുന്നണിയില്‍ തങ്ങള്‍ക്ക് ലഭിക്കുന്നത് മാന്യമായ പരിഗണനയാണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറയുന്നു. ജോസഫ് വിഭാഗം ദുര്‍ബലമാണെന്ന് കോണ്‍ഗ്രസ് പറയാതെ പറയുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഈ ബന്ധത്തിനിടെയിലും നോവായി നില്‍ക്കുന്നത് പാലാ മണ്ഡലത്തിലെ തോല്‍വിയാണ്. ഇവിടെ ജോസ് കെ മാണി മത്സരിച്ചിട്ടു തോറ്റത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായിരുന്നു. എങ്കിലും അടുത്ത തവണ മണ്ഡലം തിരകെ പിടിക്കാമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷ.