മങ്കിപോക്സ് ആഗോള പകർച്ച വ്യാധി; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ: ലോകാരോഗ്യ സംഘടന മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെയാണ് ഈ നീക്കം. ലോകാരോഗ്യ സംഘടനയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. മങ്കിപോക്സ് അടിയന്തര ആഗോള പൊതുജന ആരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇതുവരെ 72 രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളിൽ 70 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിലാണ്. നേരത്തെ ലോകാരോഗ്യ സംഘടന കോവിഡ്-19 നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി 30ന് കോവിഡ്-19 ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോൾ, ചൈനയ്ക്ക് പുറത്ത് 82 കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മൂന്ന് കാരണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രോഗത്തെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നു. അസാധാരണമായ രോഗവ്യാപനം, രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത, രോഗവ്യാപനം തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ആവശ്യകത എന്നിവയാണ് ഇതിന് കാരണം.