വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരിനാഥന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹര്‍ജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 11 മണിക്കാണ് സെഷന്‍സ് കോടതി ശബരിനാഥന്‍റെ ഹര്‍ജി പരിഗണിച്ചത്. നിലവില്‍ ശംഖമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലാണ് കെ എസ് ശബരിനാഥന്‍.
വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വമാണെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകും മുമ്ബ് ശബരിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും മുഖ്യമന്ത്രിയെ വധിക്കാന്‍ കേസെടുത്ത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്ര സംഘടനയാണ്. യൂത്ത് കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം സംഘടനയുടേതാണ്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ ശബരിനാഥ്, പ്രചരിച്ച സ്ക്രീന്‍ ഷോട്ടിലുള്ളത് തന്‍റെ സന്ദേശമാണോയെന്ന് പൊലീസിനോട് പറയുമെന്നും പ്രതികരിച്ചു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെതെന്ന പേരിലും സ്ക്രീന്‍ ഷോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള നീക്കം ശബരിനാഥ് പറയുന്നതായി ഈ സ്ക്രീന്‍ ഷോട്ടിലുണ്ട്. ഇതേ തുടര്‍ന്നാണ് ഗൂഡാലോചനയില്‍ ചോദ്യം ചെയ്യാന്‍. വിമാനത്തിനുളളില്‍ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ശബരിനാഥാണെന്ന വിവരത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതെന്ന് അന്വേഷണ സംഘം പറയുന്നു. അതേസമയം സ്ക്രീന്‍ ഷോര്‍ട്ട് ചോര്‍ത്തി പൊലീസിലെത്തിച്ചത് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന വിവാദവും സംഘടനയില്‍ പുകയുകയാണ്.