വിലയിടിവിനൊപ്പം ഏലത്തിന് അഴുകല്‍ രോഗവും വ്യാപിക്കുന്നത് ഇടുക്കിയിലെ കര്‍ഷകരെ ദുരിതത്തിലാക്കുന്നു
ഇടുക്കി: വിലയിടിവിനൊപ്പം ഏലത്തിന് അഴുകല്‍ രോഗവും വ്യാപിക്കുന്നത് ഇടുക്കിയിലെ കര്‍ഷകരെ ദുരിതത്തിലാക്കുന്നു.
തുടര്‍ച്ചയായി മഴ പെയ്യുന്നതാണ് അടുത്തകാലത്ത് ചെടികളില്‍ അഴുകല്‍ വ്യാപകമാകാന്‍ കാരണം. തോട്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ഏലം കൃഷിക്ക് തിരിച്ചടിയായിട്ടുണ്ട്.
രണ്ടാഴ്ചയോളമായി ഇടുക്കിയില്‍ തുടരുന്ന കനത്ത മഴ മൂലം ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമാകുന്നുണ്ട്. ഇടുക്കി ജില്ലയില്‍ ഇനിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ നീണ്ടു നില്‍ക്കുന്നത് കൂടുതല്‍ ഏലം ചെടികള്‍ നശിക്കാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
കൂടുതലായി മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഏലച്ചെടികളുടെ തണ്ടുകള്‍ അഴുകുന്നതായി കണ്ടു വരുന്നത്. തോട്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും തിരിച്ചടിയാകുന്നുണ്ട്. കനത്ത വിലത്തകര്‍ച്ചയിലൂടെയാണ് ഏലം മേഖല കടന്നു പോകുന്നത്. 750 രൂപയില്‍ താഴെയാണ് ഒരു കിലോ ഏലക്കയുടെ ശരാശരി വില.
വിലയിടിവിനൊപ്പം ചെടികള്‍ കൂടി നശിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകും. തുടര്‍ച്ചയായ കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും ഏലം മേഖലയെ പൂര്‍ണ്ണമായി തകര്‍ക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മുമ്ബ് അമിതമായ കീടനാശി പ്രയോഗത്തിലൂടെ കയറ്റുമതി വലിയതോതില്‍ ഏലത്തിനെ ബാധിച്ചിരുന്നു.
പല രാജ്യങ്ങളും കേരളത്തില്‍ നിന്നുള്ള ഏലം തിരിച്ചയച്ചതോടെ പ്രതിസന്ധി രൂക്ഷമായി. കോവിഡും പ്രളയവും ഉണ്ടാക്കിയ പ്രതിസന്ധിക്ക് പിന്നാലെയാണ് വിലയിടിവില്‍ കൂപ്പുകുത്തിയ ഏലത്തിന് ഇരുട്ടടിയായി കയറ്റുമതി പ്രതിസന്ധി കൂടി എത്തിയത്. ഇപ്പോള്‍ കാലാവസ്ഥ തിരിച്ചടിയായി അഴുകല്‍ രോഗം വ്യാപിക്കുന്നതോടെ എന്തു ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഏലം കര്‍ഷകര്‍.