ബിവറേജിലേക്ക് ലോഡുമായെത്തിയ ലോറിയുടെ മുൻപിൽ ബൈക്ക് തടസ്സമായി വെച്ചു.ചോദ്യം ചെയ്ത ജീവനക്കാരുമായി വാക്കുതർക്കം,പിന്നെ തല്ല്,ഒടുവിൽ അറസ്റ്റ് ;സംഭവം കട്ടപ്പനയിൽ
കട്ടപ്പന : ബിവറേജ് ഷോപ്പിൽ കയറി ജീവനക്കാരെ മർദ്ദിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.വാത്തിക്കുടി സ്വദേശികളായ ചിറക്കാളകത്ത് വിഷ്ണു (26) ,കൊല്ലംമാവടിയിൽ ജിഖിൽ ( 23 ) എന്നിവരെയാണ് കട്ടപ്പന ബിവറേജ് ഔട്ട്ലെറ്റിലെ മാനേജർ അടക്കമുള്ള ജീവനക്കാരെ മർദ്ദിച്ചതിന് പൊലീസ് പിടികൂടിയത്.
ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംഭവം.ബിവറേജിലേയ്ക്ക് ലോഡുമായി എത്തിയ ലോറി കയറുന്ന വഴിയിൽ തടസ്സമായി നിർത്തിയിട്ടിരുന്ന യുവാക്കളുടെ ബൈക്ക് എടുത്തുമാറ്റാത്തതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് സംഘർഷത്തിനിടയാക്കിയത്.മാനേജർ എത്തി ബൈക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ ഇതിന് കൂട്ടാക്കാതെ അസഭ്യം പറഞ്ഞു.പിന്നീട് തർക്കം രൂക്ഷമായതോടെ മദ്യലഹരിയിലായിരുന്ന യുവാക്കൾ മാനേജർക്ക് നേരേ തിരിഞ്ഞു. തുടർന്ന് തടസം പിടിക്കാനെത്തിയ മറ്റു ജീവനക്കാർക്കും മർദ്ദനമേറ്റു.ഉടനെ മറ്റാളുകൾ ഇടപെട്ട് യുവാക്കളെ പിടിച്ചു മാറ്റിയെങ്കിലും വീണ്ടും ഇരുവരും സ്ഥാപനത്തിന്റെ അകത്തു കയറി സംഘർഷമുണ്ടാക്കിയെന്നും ജീവനക്കാർ പറഞ്ഞു.തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി.