നദികളിൽ ഇനി പ്ലാസ്റ്റിക് വേണ്ട; തലസ്ഥാനത്ത് വൻ പദ്ധതി ഒരുങ്ങുന്നു
തിരുവനന്തപുരം: തലസ്ഥാനത്തെ ജലാശയങ്ങളിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള പദ്ധതിയുമായി അലിയന്‍സ് ഗ്രൂപ്പ്. ജർമൻ സോഷ്യൽ എന്‍റർപ്രൈസ് പ്ലാസ്റ്റിക് ഫിഷറുമായി സഹകരിച്ച് കനാലുകൾ, നദികൾ, പോഷകനദികൾ എന്നിവിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക് വേർതിരിക്കൽ പദ്ധതി അലയൻസ് ടെക്നോളജിയും അലയൻസ് സർവീസസും നടപ്പാക്കും. മൂന്ന് വർഷത്തിനുള്ളിൽ 550 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നിലവിൽ തമ്പാനൂർ തോട്ടിലും ഉള്ളൂർ തോട്ടത്തിലുമാണ് പണി നടക്കുന്നത്. പട്ടം തോട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി ഇതുവരെ 16 ടൺ പ്ലാസ്റ്റിക്കാണ് ജലാശയങ്ങളിൽ നിന്ന് ശേഖരിച്ചത്. തിരുവനന്തപുരം മുനിസിപ്പാലിറ്റി, ശുചിത്വമിഷൻ, ജലസേചന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക് ഫിഷർ പ്രവർത്തിക്കുന്നത്.
ഏറ്റവും കാര്യക്ഷമമായ രീതിയിൽ നദികളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പ്ലാസ്റ്റിക് ഫിഷറിന്‍റെ സിഇഒയും സഹസ്ഥാപകനുമായ കാര്‍സ്റ്റണ്‍ ഹിര്‍ഷ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്കരൻ പറഞ്ഞു.