ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്
ന്യൂഡല്‍ഹി: സീറോ മലബാർ സഭാ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായ്പ തിരിച്ചടയ്ക്കാൻ സഭ വിറ്റ ഭൂമിക്ക് സെന്‍റിന് 9 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 2.43 ലക്ഷം മുതൽ 10.75 ലക്ഷം രൂപ വരെയാണ് ലഭിച്ചത്. 36 പേർ ഭൂമി വാങ്ങി. എറണാകുളം അങ്കമാലി അതിരൂപതയുടെ അക്കൗണ്ടിലേക്കാണ് ഇവർ പണം കൈമാറിയത്. അനധികൃത പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. രേഖയിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ ആരും നൽകിയിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
കേസന്വേഷണത്തിന്‍റെ ഭാഗമായി 83 പേരിൽ നിന്ന് മൊഴിയെടുത്തതായും 57 രേഖകൾ പരിശോധിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച്. സഭകളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും നൽകിയ ഹർജിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിക്കൊപ്പം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.