ബിഗ് ബാങ്ങിനു ശേഷമുള്ള പ്രപഞ്ചം; സവിശേഷ ചിത്രവുമായി നാസ

വാഷിങ്ടൻ: നമ്മുടെ പ്രപഞ്ചത്തിന്‍റെ ആദ്യരൂപം എങ്ങനെയായിരുന്നുവെന്ന മനുഷ്യരാശിയുടെ ഏറ്റവും വലിയ ചോദ്യത്തിന്‍റെ ഉത്തരം നൽകുന്ന സൂചനകൾ പുറത്തുവിട്ടു നാസ. ലോകത്തിലെ ഏറ്റവും ശേഷിയുള്ള ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ചിത്രങ്ങൾ പ്രപഞ്ചത്തിന്‍റെ തുടക്കത്തിലേക്ക് വെളിച്ചം വീശുന്നു.
ജെയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയ പല ചിത്രങ്ങളും സംയോജിപ്പിച്ച് ഒറ്റച്ചിത്രമാക്കാൻ ആറ് മാസമെടുത്തു. ആയിരക്കണക്കിന് ആകാശഗംഗകൾ ഉൾച്ചേർന്ന ചിത്രം അതിശയിപ്പിക്കുന്നതാണ്. നീല, ഓറഞ്ച്, വെള്ള നിറങ്ങളുടെ സംയോജനമാണ് ചിത്രം. നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഈ ചിത്രത്തെ വിശേഷിപ്പിച്ചത് “ഭൂമിയിൽ നിന്നൊരാൾ കയ്യിലെടുക്കുന്ന മണൽത്തരികളോളം വലുപ്പമുള്ള ആകാശഭാഗം” എന്നാണ്.
“ചിത്രത്തിൽ കാണുന്ന പ്രകാശം 13 ബില്യൺ വർഷങ്ങൾക്ക് മുമ്പ് അതിന്‍റെ യാത്ര ആരംഭിച്ചതാണ്. അതായത്, 13 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള ഒരു മഹത്തായ കാഴ്ചയാണു നാം കാണുന്നത്,” അദ്ദേഹം പറഞ്ഞു. ബിഗ് ബാങ്ങിനു ശേഷം പ്രപഞ്ചം വികസിക്കാൻ തുടങ്ങിയത് 13.8 ബില്യൻ വർഷങ്ങൾക്കു മുൻപാണെന്നു ശാസ്ത്ര സമൂഹം വിശ്വസിക്കുന്നു. ഇപ്പോൾ നാം കാണുന്ന പ്രകാശത്തിന് മഹാവിസ്ഫോടനത്തേക്കാൾ 800 ദശലക്ഷം വർഷങ്ങളുടെ കുറവേ ഉള്ളൂ എന്നതാണ് പ്രധാന സവിശേഷത.