ഉറങ്ങിക്കിടക്കുമ്പോള്‍ മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് മുഖത്തേക്ക് വീണു; കടിയേറ്റ് നാല് വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലരവയസുകാരന്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എന്‍.രവീന്ദ്രന്റെ ഇളയ മകന്‍ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. അമ്മ ബിബിതയുടെ വീട്ടില്‍വെച്ചാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച് അമ്മയോടൊപ്പം ഉറങ്ങിയതായിരുന്നു. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയില്‍ നിന്നാണു പാമ്പു മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണര്‍ന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കില്‍ ചോരപ്പാടുകള്‍ കണ്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. കുട്ടിയെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധചികിത്സയ്‌ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടേക്കാട് കാളിപ്പാറ വികെഎന്‍ എല്‍പി സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥിയാണ്. അദൈദ്വാണ് സഹോദരന്‍.