മദ്യപിച്ച് ആംബുലന്‍സ് ഓടിച്ചു അപകടമുണ്ടാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
തൊടുപുഴ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആംബുലന്‍സ് ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞിരമറ്റം കണ്ണിപ്പള്ളില്‍ യേശുദാസിന്റെ (53) ഡ്രൈവിങ് ലൈസന്‍സാണ് ഇടുക്കി ആര്‍.ടി.ഒ രമണന്‍ താത്കാലികമായി റദ്ദാക്കിയത് ഞായറാഴ്ച പകൽ രണ്ടുമണിയോടെ കലയന്താനിയില്‍ രോഗിയെ ഇറക്കിയ ശേഷം തിരികെ വന്ന ആംബുലന്‍സ് ഇടവെട്ടിയില്‍ വച്ച് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരാണ് ഇയാളെ തടഞ്ഞു വച്ച് പോലീസിനെ ഏല്‍പ്പിച്ചത്. പോലീസ് ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിരുന്നതായി വ്യക്തമായി.
തുടര്‍ന്ന് ഇന്നലെ ആര്‍.ടി.ഒ രമണന്‍ തൊടുപുഴയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി ഓഫീസിലേക്ക് ഇയാളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
തുടര്‍ന്ന് ആറ് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ ഓട്ടോഡ്രൈവര്‍ ഇടവെട്ടി മലയില്‍ അഷ്‌റഫ് ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.