സംസ്ഥാനത്തെ ചെറുകിട, ഇടത്തര, സൂക്ഷ്മ മേഖലാ സംരംഭങ്ങൾക്ക് 5 ശതമാനം പലിശ നിരക്കിൽ 2 കോടി രൂപ വരെ വായ്പ ലഭ്യമാകും.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഉയർന്ന വായ്പാപരിധിയാണ് രണ്ടു കോടി രൂപയാക്കി വർധിപ്പിച്ചത്. 2022-23 സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്ന് ശതമാനവും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ 2 ശതമാനവും ഉൾപ്പടെ സബ്സിഡി വഴിയാണ് 5 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്.
ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 500 കോടി രൂപ നീക്കിവയ്ക്കും. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ കോർപ്പറേഷൻ ഇതുവരെ 2122 യൂണിറ്റുകൾക്കാണ് വായ്പ നൽകിയിട്ടുള്ളത്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകൾ ലഭ്യമാണ്. 10 വർഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണെങ്കിലും പലിശയുടെ ആനുകൂല്യം ആദ്യ 5 വർഷത്തേക്ക് മാത്രമായിരിക്കും.
എംഎസ്എംഇ രജിസ്ട്രേഷനുള്ള വ്യാവസായിക യൂണിറ്റുകളും യൂണിറ്റിന്റെ മുഖ്യ സംരംഭകന്റെ ഉയർന്ന പ്രായം 50 വയസും എന്നതാണ് ഈ പദ്ധതിയിൽ സംരംഭകരുടെ യോഗ്യത. വനിതാ സംരംഭകർ, പ്രവാസി മലയാളികൾ, എസ്.സി, എസ്.ടി സംരംഭകർ എന്നിവരുടെ പ്രായപരിധി 55 ആണ്. പദ്ധതി തുകയുടെ 90 ശതമാനം വരെയും വായ്പ ലഭ്യമാകുന്നു എന്നതാണ് പ്രധാന പ്രത്യേകത. 2 കോടിയിൽ കൂടുതൽ ഉള്ള വായ്പകളിൽ പലിശനിരക്കും കൂടും. 2 കോടി രൂപ വരെ 5 ശതമാനം പലിശ നിരക്കിലും ബാക്കി വായ്പാ തുക സാധാരണ പലിശ നിരക്കിലുമാണ് ലഭ്യമാകുന്നത്.