ജീവനക്കാർക്ക് പകുതി ശമ്പളത്തോടെ ഒരു വർഷം മുതൽ 5 വർഷം വരെ താൽക്കാലികാവധി അനുവദിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിന് കൂടുതൽ ജീവനക്കാർക്ക് പകുതി ശമ്പളത്തോടെ ഒരു വർഷം മുതൽ 5 വർഷം വരെ താൽക്കാലികാവധി (ഫോർലോ) അനുവദിച്ച് കെഎസ്ആർടിസി. നേരത്തെ കണ്ടക്ടർ, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാർക്ക് അനുവദിച്ച അവധി മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്കും ഹയർ ഡിവിഷൻ ഓഫിസർമാർക്കുമാണ് നൽകുന്നത്. ഇതിനുള്ള പ്രായപരിധി 40 വയസ്സായി കുറച്ചുവെന്നും കെഎസ്ആർടിസി സിഎംഡി ഇറക്കിയ സർക്കുലറിൽ പറയുന്നു.
കെഎസ്ആർടിസിയിൽ കംപ്യുട്ടർവൽക്കരണവും ഇ–ഓഫിസും നടപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കുന്ന പദ്ധതി അവസാനഘട്ടത്തിലാണ്. ഈ നടപടി പൂർത്തിയാകുന്നതോടെ നിലവിലുള്ള മിനിസ്റ്റീരിയൽ വിഭാഗത്തിലും ഹയർ ഡിവിഷൻ ഓഫിസർ തസ്തികയിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അധികമാകുമെന്നാണ് കെഎസ്ആർടിസിയുടെ കണ്ടെത്തൽ. കഴിഞ്ഞ ജനുവരി 13ന് അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെന്റും തമ്മിൽ ഒപ്പുവച്ച സേവന വേതന കരാർ പ്രകാരമാണ് കണ്ടക്ടർ, മെക്കാനിക്കൽ ജീവനക്കാർക്ക് ഫോര്‍ലോ അനുവദിച്ചത്.