നിയന്ത്രണംവിട്ട കാര്‍ ആറു വാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം


തൊടുപുഴ: നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നതും ഓടിക്കൊണ്ടിരുന്നതുമായ ആറു വാഹനങ്ങളില്‍ ഇടിച്ചു.
ഇന്നലെ രാത്രി ഏഴരയോടെ വെങ്ങല്ലൂര്‍ ബൈപ്പാസില്‍ കോലാനി ജംഗ്‌ഷന് സമീപത്തായിരുന്നു അപകടം.
തൊടുപുഴ ദിശയില്‍നിന്ന് അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലെ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറുകളിലും ലോറിയിലും ഉള്‍പ്പെടെ ആറുവാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇതോടെ കാര്‍ യാത്രികനെ മറ്റ് വാഹന ഉടമകളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ചു.
അഭിഭാഷകനായ ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. സംഭവമറിഞ്ഞ് തൊടുപുഴയില്‍നിന്നെത്തിയ പോലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ കാറും റോഡിന് നടുവില്‍ കുടുങ്ങിപ്പോയി. ഇതേത്തുടര്‍ന്ന് ഏതാനും സമയം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തൊടുപുഴ അഗ്‌നിരക്ഷാ സേനയെത്തിയാണ് വാഹനം റോഡില്‍നിന്ന് മാറ്റിയത്. അപകടത്തില്‍ റോഡിലൂടെ ഒഴുകി പരന്ന ഓയിലും പൊട്ടിയ ചില്ലുകളും സേനാംഗങ്ങള്‍ കഴുകിനീക്കി.
കേടുപാടുകള്‍ പറ്റിയ വാഹന ഉടമകള്‍ പോലീസ് സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കി. സംഭവത്തില്‍ അരിക്കുഴ സ്വദേശി സൂര്യലാലിനെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.