മുതിരപ്പുഴയുടെ വീതി 60 മീറ്ററായി വര്‍ധിച്ചു
മൂന്നാര്‍: പ്രളയത്തെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയുവാന്‍ ആവിഷ്‌കരിച്ച സര്‍ക്കാറിന്റെ ഓപ്പറേഷന്‍ സ്‌മൂത്ത് ഫ്‌ളോ പദ്ധതി വഴി മൂന്നാറിലെ മുതിരപ്പുഴയ്‌ക്ക് മുമ്ബുണ്ടായിരുന്നതിനും ആറിരട്ടി വീതി വര്‍ധിച്ചു.
പണി പൂര്‍ത്തിയായപ്പോള്‍ പത്തുമീറ്റര്‍ വീതിയില്‍ ഒഴുകിയിരുന്ന പുഴയുടെ വീതി 60 മീറ്ററായി വര്‍ധിച്ചു. മൂന്നാര്‍ ടൗണ്‍ മുതല്‍ ഹെഡ് വര്‍ക്‌സ് വരെയുള്ള ഇടങ്ങളിലെ ചില ഭാഗങ്ങളിലാണ് പുഴയുടെ വീതി വര്‍ധിച്ചിട്ടുള്ളത്. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന പണികളുടെ ആദ്യഘട്ടം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. തീരത്തെ മണ്ണ് നീക്കംചെയ്‌ത് പുഴയോരങ്ങളില്‍ ഉയരത്തില്‍ മണ്‍തിട്ട രൂപപ്പെടുത്തി അതില്‍ ഉദ്യാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പണികള്‍ നടന്നു വരുന്നത്. കോടികള്‍ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടത്തിപ്പിലെ ഭാരിച്ച ചിലവ് കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ കുറഞ്ഞ വാടകയ്‌ക്ക് എടുത്താണ് പണികള്‍ നടത്തി വരുന്നത്. 2018 ലെ പ്രളയത്തില്‍ പുഴയില്‍ അടിഞ്ഞ മണ്ണും ഇതോടൊപ്പം നീക്കം ചെയ്‌തിട്ടുണ്ട്.
പദ്ധതി പൂര്‍ത്തിയായതോടെ രണ്ടാം ഘട്ട പണികള്‍ തദ്ദേശ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ചെയ്യുക. ഉദ്യാനം നിര്‍മിക്കാനുള്ള പൂക്കള്‍ എത്തിയിട്ടുണ്ടെന്നും ഉടന്‍ അതിന്റെ പണികള്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മൂന്നു മാസമെടുത്ത് സന്നദ്ധപ്രവര്‍ത്തകരും ഉദ്യോഗസ്‌ഥരും നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് പണികള്‍ നടത്തിയത്.