എസ്.എസ്.എല്‍.സിയിൽ സര്‍ക്കാര്‍ ഹോമുകള്‍ക്ക് നൂറുമേനി; അഭിനന്ദനവുമായി ആരോഗ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെയും ഒബ്സർവേഷൻ ഹോമുകളിലെയും എല്ലാ വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി. എല്ലാ വിദ്യാർത്ഥികളെയും അവരെ വിജയത്തിലേക്ക് നയിച്ച ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ശ്രീചിത്ര ഹോം, പൂജപ്പുര ഗവ. ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങൾ മന്ത്രി നേരിട്ട് സന്ദർശിക്കുകയും കുട്ടികളുമായി സന്തോഷം പങ്കിടുകയും ചെയ്തു.
15 ചിൽഡ്രൻസ് ഹോമുകളിൽ നിന്നും രണ്ട് ഒബ്സർവേഷൻ ഹോമുകളിൽ നിന്നുമായി 101 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. എല്ലാവർക്കും വിജയിക്കാൻ കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്. വിവിധ ജീവിത സാഹചര്യങ്ങളിൽ നിന്ന് ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. ഈ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും വിദ്യാഭ്യാസവും നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക മനഃശാസ്ത്രപരമായ വിലയിരുത്തലും കൗൺസിലറുടെ സേവനവും നൽകുന്നു.
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഓരോ വിഷയത്തിനും വെവ്വേറെ ട്യൂഷനുകൾ നൽകുന്നുണ്ടെന്നും കലകളുടെ അഭിരുചിക്കനുസരിച്ച് പരിശീലനത്തിന് എജ്യൂകേറ്ററുടെ സേവനം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.