പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടുനൽകിയ സംഭവം; ഡോക്ടർക്ക് സസ്പെൻഷൻ


തൃശൂർ: അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം, പോസ്റ്റ്മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ശേഷം തിരികെ വാങ്ങിയ സംഭവത്തിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. ഓർത്തോ യൂണിറ്റ് മേധാവി ഡോ.പി.ജെ ജേക്കബിനെ ആണ് സസ്പെൻഡ് ചെയ്തത്. വീഴ്ച സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും പൊലീസും സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയിൽ നടപടി.
കുമാരനെല്ലൂർ പട്ടിശ്ശേരി സ്വദേശി യൂസഫിന്റെ (46) മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താതെ ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ഓഗസ്റ്റ് എട്ടിന് കാഞ്ഞിരക്കോട് കേന്ദ്രത്തിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യൂസഫ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്കിൽ കൂടെ സഞ്ചരിച്ചിരുന്ന ഭർതൃസഹോദരൻ ഫിറോസ് (37) സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഞായറാഴ്ച പുലർച്ചെ മരിച്ച യൂസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടമോ ഇൻക്വസ്റ്റോ നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത് വിവാദമായിരുന്നു.
ബന്ധുക്കൾ ശവസംസ്കാര ചടങ്ങുകൾ ആരംഭിച്ച ശേഷമാണു പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തിയത്. റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാൾ മരിച്ചാൽ ഉടൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന ചട്ടം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ലംഘിച്ചതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. രോഗിയുടെ ചികിത്സാ രേഖകൾ തയ്യാറാക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും ബന്ധപ്പെട്ട ഡോക്ടർമാർക്ക് ജാഗ്രതക്കുറവുണ്ടെന്നും കണ്ടെത്തി.