സ്വപ്നയുടെ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ഗൂഢാലോചനക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഹർജിയിൽ, കേരള ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിനു നിലനിൽപ്പില്ലെന്നു ചൂണ്ടിക്കാട്ടി സ്വപ്ന നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.
മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിലോ മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയതിന്റെ പേരിലോ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് കേസെടുക്കാനാകില്ലെന്നാണ് സ്വപ്നയുടെ വാദം. യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് മുഖ്യമന്ത്രിയും ഭാര്യ കമല ഉൾപ്പടെ ഉള്ളവർ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നായിരുന്നു സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴി. ഇരകൾക്ക് സംരക്ഷണം നൽകുന്ന 2918 ലെ വിക്ടിം പ്രൊട്ടക്ഷൻ സ്കീം പ്രകാരം തനിക്ക് സംരക്ഷണത്തിന് അർഹതയുണ്ടെന്നും ഹർജിക്കാരൻ പറയുന്നു.
ഗൂഢാലോചന നടത്തി സ്വപ്ന സുരേഷ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയെന്നും, മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് മുൻ മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ നൽകിയ പരാതിയിലാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്. ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കെ ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം ജലീലിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.