വ്യാജരേഖ നല്‍കി ബി.കോം വിദ്യാര്‍ഥിനിയെ വഞ്ചിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റില്‍
അടിമാലി: എം.ജി സര്‍വകലാശാലയുടെ ഫീസ് രസീതില്‍ കൃത്രിമം നടത്തി വ്യാജരേഖ നല്‍കി ബി.കോം വിദ്യാര്‍ഥിനിയെ വഞ്ചിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റില്‍.
അടിമാലിയിലെ എയ്ഞ്ചലീസ അക്കാദമി ഉടമ അടിമാലി നിരപ്പേല്‍ സാബുവിനെയാണ് (50) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളത്തൂവല്‍ ശെല്യാംപാറ സ്വദേശിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ ഒരു അധ്യയന വര്‍ഷം ഇതുമൂലം നഷ്ടമായിരുന്നു. ബി.കോം ഫസ്റ്റ് ക്ലാസില്‍ പാസായ വിദ്യാര്‍ഥിനി സാബുവിന്‍റെ സ്ഥാപനത്തില്‍ ബി.കോം -കോഓപറേഷന്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ ഫീസ് അടച്ച് പഠനം തുടങ്ങിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29നായിരുന്നു പരീക്ഷ. എന്നാല്‍, അപേക്ഷ വൈകി ലഭിച്ചതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന അറിയിപ്പാണ് 26ന് വിദ്യാര്‍ഥിനിക്ക് സര്‍വകലാശാലയില്‍നിന്ന് ലഭിച്ചത്. നേരിട്ട് അന്വേഷിച്ചപ്പോഴാണ് പരീക്ഷക്ക് തന്‍റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥിനി അറിയുന്നത്. എന്നാല്‍, തന്‍റെ പേരില്‍ ഫീസ് അടച്ചതിന്‍റെ രസീത് കൈവശമുണ്ടെന്ന് സര്‍വകലാശാല അധികൃതരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഫീസ് രസീതില്‍ സാബു കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ഥിനിയുടെ രസീതില്‍ വിദ്യാര്‍ഥിനിയുടെ പേരുചേര്‍ത്ത് ഫീസ് അടച്ചിട്ടുണ്ടെന്ന് സാബു പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു.
തുടര്‍ന്നാണ് അടിമാലി പൊലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ ഇയാള്‍ കോടതിയെ സമീപിച്ചിരുന്നതായി അടിമാലി എസ്.എച്ച്.ഒ സുധീര്‍ പറഞ്ഞു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.