സ്വർണ്ണക്കടത്ത് വിവാദം, പ്രതിരോധം ശക്തമാക്കും; നാളെ ഇടത് മുന്നണി യോഗം


സ്വർണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് എൽ.ഡി.എഫ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ജനകീയ പ്രചാരണം നടത്താനാണ് നീക്കം. നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. ഈ മാസം 24 മുതൽ 26 വരെ നേതൃയോഗങ്ങൾ നടക്കും.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. കോഴിക്കോട്ടേക്കും മലപ്പുറത്തേക്കും പോകുന്നതിനിടെ വ്യാപകമായ കരിങ്കൊടി പ്രതിഷേധമാണ് മുഖ്യമന്ത്രി നേരിട്ടത്.
പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് കർശനമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. കണ്ണൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മുതൽ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഗതാഗത നിയന്ത്രണം.