കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ സമയത്തിനുള്ളില്‍ ഉറപ്പാക്കുക ലക്ഷ്യം
മുന്‍കൂട്ടിയറിയിക്കാതെ മന്ത്രി വീണാ ജോര്‍ജ് രാത്രിയില്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം ഏറ്റവും മികച്ചതാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ സമയത്തിനുള്ളില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുന്‍കൂട്ടിയറിയിക്കാതെ മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രാത്രി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം മന്ത്രി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. രാത്രി 9.30ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയ മന്ത്രി രാത്രി 11.45 വരെ അവിടെ ചെലവിട്ടു. രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടോയെന്നും പരിശോധിച്ചു. അത്യാഹിത വിഭാഗത്തില്‍ രാത്രി കാലത്ത് സീനിയര്‍ ഡോക്ടര്‍മാരില്ലെന്ന് ബോധ്യമായി. അസി. പ്രൊഫസര്‍ റാങ്കിലുള്ള സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും ഉറപ്പാക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയതും ക്വാളിറ്റി ഇപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പാക്കിയതും. ആശുപത്രിയില്‍ ലഭ്യമായ പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍ മരുന്ന് പുറത്തെഴുതിയതിനെതിരെ നടപടി സ്വീകരിക്കും. കുറവുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.ന് മന്ത്രി രാത്രിയില്‍ തന്നെ നിര്‍ദേശം നല്‍കി. അത്യാഹിത വിഭാഗം, ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, സ്റ്റാഫ് റൂം, വിവിധ എക്‌സ്‌റേ, സ്‌കാനിംഗ് യൂണിറ്റുകള്‍ എന്നിവ പരിശോധിച്ചു. പോരായ്മകള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.