Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

പൊലീസ് കണക്കിൽ ഇടുക്കി ജില്ലയിൽ 390 ഗുണ്ടകൾ : ഒരു വർഷത്തിനിടെ കാപ്പചുമത്തി നടപടി എടുത്തത് നാലുപേർക്കെതിരെ മാത്രം



ചെറുതോണി: ജില്ലയില്‍ 390 ഗുണ്ടകളുണ്ടെന്ന് പൊലീസ് കണക്ക്. എന്നാല്‍, കാപ്പചുമത്തി കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടപടി എടുത്തിട്ടുള്ളത് നാലുപേര്‍ക്കെതിരെ മാത്രം.

കൊലപാതകം. ക്വട്ടേഷന്‍, അക്രമപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് ഒരു മടിയുമില്ലാത്തവരാണ് ഗുണ്ടകളില്‍ ഭൂരിഭാഗവും. കാപ്പ ചുമത്തേണ്ട ആറുപേരുടെ ലിസ്റ്റാണ് കഴിഞ്ഞവര്‍ഷം പൊലീസ് നല്‍കിയതെങ്കിലും ഇതുവരെ നാലുപേര്‍ക്കെതിരെ മാത്രമാണ് നടപടി എടുത്തത്.

ഓപറേഷന്‍ കാവല്‍ എന്ന പേരില്‍ ഡി.ജി.പി പ്രഖ്യാപിച്ച പ്രത്യേക ദൗത്യവും ജില്ലയില്‍ നടപ്പായില്ല. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സ്റ്റേഷന്‍ തലത്തില്‍ ഗുണ്ടാവിരുദ്ധ സ്ക്വാഡുണ്ടാക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം നടന്നില്ല. ജില്ലയില്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കാന്‍ രണ്ടു സ്ക്വാഡുകള്‍ നിലവിലുണ്ട്.

സ്ഥിരം കുറ്റവാളികളുടെയും ഗുണ്ടകളുടെയും മുമ്ബ് കേസുകളില്‍പെട്ടവരുടെയും പട്ടിക ജില്ല അടിസ്ഥാനത്തില്‍ തയാറാക്കി വാറന്‍റുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി ഉടന്‍ അറസ്റ്റചെയ്യണമെന്ന നിര്‍ദേശവും നടപ്പായില്ല. പൊതുസമൂഹത്തിന്‍റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളെ ഒരുവര്‍ഷംവരെ വിചാരണയില്ലാതെ ജയിലില്‍ അടക്കാനോ നാടുകടത്താനോ വ്യവസ്ഥ ചെയ്യുന്നതാണ് കാപ്പ. തൊട്ടുമുമ്ബുള്ള ഏഴുവര്‍ഷങ്ങളിലെ കേസുകളാണ് കാപ്പക്ക് പരിഗണിക്കുന്നത്. അതില്‍തന്നെ അഞ്ചുവര്‍ഷമോ അതിനുമുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടായിരിക്കണം.


അല്ലങ്കില്‍ ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ടുകേസ്. അതുമല്ലങ്കില്‍ മൂന്നുകേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം. ഇങ്ങനെ ഗുണ്ടാലിസ്റ്റിലുള്ളവരെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. വിചാരണയില്ലാത്തതിനാല്‍ കാപ്പ ചുമത്തുന്നതിന് പൊലീസ് അമിതാധികാരം കാട്ടുമെന്ന് ഭയന്ന് ജില്ല മജിസ്ട്രേറ്റുമാര്‍ക്കാണ് കരുതല്‍ തടങ്കലിന് ഉത്തരവിടാന്‍ അധികാരം നല്‍കിയിരിക്കുന്നത്. ഈ അധികാരം തങ്ങള്‍ക്ക് കൈമാറണമെന്നാണ് പൊലീസിന്‍റെ ആവശ്യം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!