വെതർ സ്റ്റേഷനുകൾ ഇനി മുതൽ പൊതുവിദ്യാലയങ്ങളിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ‘കേരള സ്കൂൾ വെതർ സ്റ്റേഷൻ’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സമഗ്ര ശിക്ഷാ കേരള വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ദിവസത്തെയും അന്തരീക്ഷ സാഹചര്യങ്ങളിലെ മാറ്റങ്ങൾ (ദൈനംദിനം) മനസ്സിലാക്കാനും രേഖപ്പെടുത്താനും ഇത് സഹായിക്കുന്നു. അതുവഴി നിർദ്ദിഷ്ട കാലാവസ്ഥാ ഡാറ്റ തയ്യാറാക്കാം.
മുഖ്യമന്ത്രി പിണറായി വിജയൻ 100 ദിന കർമ്മ പദ്ധതിയിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായിരുന്നു വെതര്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണം. ജൂൺ 11നു കൊല്ലം കടയ്ക്കല്‍, വയല വാസുദേവന്‍ പിള്ള മെമ്മോറിയല്‍ ഗവ. എച്ച്.എസ്.എസ്- ല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന നൂതന പദ്ധതി സർക്കാറിന്റെ സാമൂഹിക കാഴ്ചപ്പാട്, ഇടപെടൽ, ഗവേഷണം, പഠന പ്രവർത്തനങ്ങൾ എന്നിവയെ സഹായിക്കുമെന്നും രാജ്യത്തിനു തന്നെ മാതൃകയാകുന്ന അതുല്യമായ പദ്ധതിയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാലയങ്ങൾ ഒരു ചുവട് കൂടി മുന്നോട്ട് വച്ചിട്ടുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.
ഭൂമിശാസ്ത്രം പ്രധാന വിഷയമായ സംസ്ഥാന ഹയർ സെക്കന്ററി , വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ 240 കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിക്കുക. ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് ഇവ ആരംഭിച്ചത്.