ബഫര്‍ സോണ്‍: സങ്കീര്‍ണമാക്കിയത്യുപിഎ, യുഡിഎഫ് സര്‍ക്കാരുകള്‍: എം എം മണി എംഎല്‍എ

യുപിഎ സര്‍ക്കാരിന്റെയും കേരളത്തിലെ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയും കാലത്തെ വിവാദ നടപടികളാണ് ബഫര്‍ സോണ്‍ വിഷയം സങ്കീര്‍ണമാക്കിയതെന്ന് അഖിലേന്ത്യ കിസാന്‍ സഭ കേന്ദ്ര കമ്മിറ്റിയംഗം എം എം മണി എംഎല്‍എ. ബഫര്‍ സോണ്‍- വസ്തുതകളും പ്രചരണങ്ങളും എന്ന വിഷയത്തില്‍ കര്‍ഷക സംഘം കട്ടപ്പന ഏരിയ കമ്മിറ്റി ലബ്ബക്കടയില്‍ നടത്തിയ കര്‍ഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 12 കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ പിണറായി സര്‍ക്കാര്‍, ബഫര്‍ സോണ്‍ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തി വനം മന്ത്രിയെക്കൊണ്ട് നിയമസഭയില്‍ ബില്ല് അവതരിപ്പിച്ച് സുപ്രീംകോടതി എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥലപരിശോധനയും വിവരശേഖരണവും നടന്നുവരുന്നു. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കി വനമേഖലയില്‍ മാത്രമായി ബഫര്‍ സോണ്‍ നിജപ്പെടുത്തണമെന്നാണ് എല്‍ഡിഎഫ് നിലപാട്. സ്ഥലപരിശോധന പൂര്‍ത്തിയായാല്‍ പൂര്‍ണ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. തുടര്‍ന്ന് വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് സര്‍ക്കാര്‍ കക്ഷി ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയില്‍ എക്കാലത്തും കുടിയൊഴിപ്പിക്കല്‍ നടത്തി പാരമ്പര്യമുള്ള കോണ്‍ഗ്രസ്, എന്നും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന എല്‍ഡിഎഫിനെതിരെ പ്രഹസന സമരങ്ങള്‍ നടത്തുകയാണ്. ഇടുക്കിയിലെ 55,000ല്‍പ്പരം പേര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ബാക്കിയുള്ളവര്‍ക്കും പട്ടയം നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതെല്ലാം മറന്നുള്ള അപവാദ പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. എന്നാല്‍ എല്‍ഡിഎഫ് എന്നും മലയോര കൃഷിക്കാര്‍ക്കൊപ്പമാണെന്നും എം എം മണി പറഞ്ഞു.
കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ് അധ്യക്ഷനായി. നേതാക്കളായ വി ആര്‍ സജി, വി വി ജോസ്, കെ സി ബിജു, കെ എന്‍ ബിനു, സാലി ജോളി, ഇ ഡി അനൂപ്, ടി കെ രാമചന്ദ്രന്‍, വി കെ സോമന്‍, ഒ ജെ ബേബി, കെ പി സജി തുടങ്ങിയവര്‍ സംസാരിച്ചു.