‘സ്വപ്‌നക്കും പി.സിക്കുമെതിരായ കേസ് കേട്ടുകേള്‍വിയില്ലാത്ത നടപടി’


സ്വപ്ന കുറ്റസമ്മത മൊഴി നൽകിയതോടെ സർക്കാർ പരിഭ്രാന്തിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്നയ്ക്കും പി.സി ജോർജിനുമെതിരെ എടുത്ത നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നും മുഖ്യമന്ത്രി ചെയ്യുന്നത് കേരളത്തിലെ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നതാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ഈ അന്വേഷണവുമായി ബന്ധമില്ലാത്ത പാലക്കാട്ടെ വിജിലൻസ് കള്ളക്കടത്ത് കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും വഴിയിൽ ഇറക്കിവിടുകയും ചെയ്തു. ഇപ്പോൾ അത്തരമൊരു മൊഴി നൽകിയതിനാണ് കേസെടുത്തിരിക്കുന്നത്. കേസ് കോടതിയുടെ വരാന്തയിൽ നിൽക്കുമോ? സാമാന്യ മര്യാദയുള്ള ആരെങ്കിലും അത്തരമൊരു കേസ് ഫയൽ ചെയ്യുമോ? മജിസ്ട്രേറ്റിന് മുന്നിൽ സെക്ഷൻ 164 പ്രകാരം രഹസ്യമായി കുറ്റസമ്മത മൊഴി നൽകിയതിനെതിരെ കേസ് രജിസ്റ്റർ ചെയ്താൽ കേസ് നിലനിൽക്കുമോയെന്നും വി.ഡി സതീശൻ ചോദിച്ചു.
ക്രൈംബ്രാഞ്ച് മേധാവി ഉൾപ്പെടെ 10 ഡിവൈഎസ്പിമാരും രണ്ട് സിഐമാരും അടങ്ങുന്ന 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. ഇത് ഭയപ്പെടുത്താൻ മനപ്പൂർവ്വം ചെയ്തതാണ്. ഇക്കാര്യത്തിൽ ആരും മൊഴി നൽകരുതെന്നാണ് സർക്കാരിന്റെ ലക്ഷ്യം.