മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്റെ എഫ് ബി പോസ്റ്റ്


തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോഴെങ്കിലും പിണറായി രാജിവയ്ക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ക്രിമിനൽ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ അഞ്ചരക്കോടി രൂപ കൈക്കൂലി നൽകിയെന്ന പ്രസ്താവനയുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ പഴുതില്ലെന്ന് 2015 ഡിസംബർ രണ്ടിനു ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുകയാണ്. കേസിൽ ഉൾപ്പെട്ട യുവതിയെ വിളിച്ചുവരുത്തി രേഖാമൂലം പരാതി നൽകിയാണ് ഉമ്മൻചാണ്ടിക്കെതിരെ സി.ബി.ഐ കേസെടുത്തത്.അന്ന് അന്വേഷണത്തിനു ശുപാർശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പോസ്റ്റിൽ പറയുന്നു.
എന്നാൽ സ്വർണക്കടത്ത് കേസുകളിലെ പ്രതിയായ സ്വപ്ന സുരേഷാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തത്. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നിൽക്കുന്നതിനു പകരം അന്വേഷണം അട്ടിമറിച്ചും തെളിവുകൾ നശിപ്പിച്ചും പണമൊഴുക്കിയും പൊലീസിനെ ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തിയും രക്ഷപ്പെടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.