നിര്‍മാണ നിരോധനം : വീണ്ടും പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങി സംഘടനകൾ
അടിമാലി: എല്‍.എ പട്ടയങ്ങളില്‍ വാണിജ്യപരമായ നിര്‍മാണങ്ങള്‍ പാടില്ലെന്ന കോടതി വിധി ജില്ലയില്‍ വീണ്ടും മുഖ്യ ചര്‍ച്ചയാകുന്നു.
മുന്‍ ദേവികുളം സബ് കലക്ടര്‍ എട്ട് വില്ലേജുകളില്‍ കൊണ്ടുവന്ന നിര്‍മാണ നിരോധനം കോടതി ഇടപെടലിലൂടെ സംസ്ഥാനത്താകമാനം ബാധമായെങ്കിലും ഇടുക്കിയില്‍ മാത്രം കര്‍ശനമായി നടപ്പാക്കുകയും മറ്റ് ജില്ലകളില്‍ ഇളവ് നല്‍കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം.
1964 ലെ ഭൂ പതിവ് ചട്ടപ്രകാരം ലഭിച്ച എല്‍.എ പട്ടയ വസ്തുക്കളില്‍ വീട്, കൃഷി എന്നിവയൊഴികെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കോടതി വിധി ഭൂഉടമകളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭൂപതിവ് ചട്ട ലംഘനം കണ്ടെത്തിയാല്‍ പട്ടയ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന വിധി വീണ്ടും പ്രക്ഷോഭ വേദിയാക്കി ഹൈറേഞ്ചിനെ മാറ്റുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്താണ് കസ്തൂരി രംഗന്‍ വിഷയത്തില്‍ ജില്ല നിശ്ചലമായ ഭൂ സമരത്തിന് സാക്ഷ്യം വഹിച്ചത്. അന്ന് നേതൃത്വം നല്‍കിയ ഹൈറേഞ്ച് സംരക്ഷണ സമിതിയും ഈ വിഷയത്തില്‍ കോടതിയില്‍ നിയമപോരാട്ടം തുടരുന്ന അതിജീവന പോരാട്ടവേദിയും രണ്ടാം ഭൂ സമരത്തിന് തയാറെടുക്കുകയാണ്.
2007ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതോടെയാണ് ചട്ട ലംഘനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ആദ്യം കൈയേറ്റ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിച്ച ദൗത്യ സംഘം പിന്നീട് ഭൂപതിവ് ചട്ട ലംഘനത്തിലും നടപടികളിലേക്ക് കടന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിച്ചെങ്കിലും ചട്ട ലംഘനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ തുടര്‍ന്നു. 2010ല്‍ മൂന്നാറിലെ സര്‍ക്കാര്‍ പുറമ്ബോക്ക് ഭൂമി കൈയേറി അനധികൃത നിര്‍മാണം നടത്തിയ കേസുകള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടന ഹൈകോടതിയെ സമീപിച്ചു. മൂന്നാര്‍ മേഖലയിലെ നിര്‍മാണങ്ങള്‍ക്ക് നിരാക്ഷേപ പത്രം വേണമെന്ന് കോടതി ഉത്തരവിട്ടു. കെ.ഡി.എച്ച്, ചിന്നക്കനാല്‍, പള്ളിവാസല്‍, ആനവിരട്ടി എന്നിവ കൂടാതെ മൂന്നാറില്‍നിന്ന് ഏറെ അകലെയുള്ള ആനവിലാസം, ശാന്തന്‍പാറ, ബൈസണ്‍വാലി, വെള്ളത്തൂവല്‍ വില്ലേജുകളിലും റവന്യൂ വകുപ്പ് ഈ നിബന്ധന നടപ്പാക്കി. സര്‍ക്കാര്‍ 2016 മുതല്‍ ഈ മേഖലയില്‍ സമ്ബൂര്‍ണ നിര്‍മാണ നിരോധനം നടപ്പാക്കാനാണ് ശ്രമിച്ചത്. ഇതിനിടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ എടുത്ത കേസുകളും ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി.
2019 ആഗസ്റ്റില്‍ റവന്യൂ വകുപ്പ് ഒന്‍പതോളം വ്യവസ്ഥകള്‍ ചേര്‍ത്ത് ഇറക്കിയ ഉത്തരവോടെ ജില്ലയിലാകെ നിര്‍മാണ നിരോധനമെന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് ഇത് സംസ്ഥാനത്താകെ ബാധകമാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ 2019 ഡിസംബര്‍ 19ന് മുഖ്യമന്ത്രി ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. യോഗത്തില്‍ ഭൂപതിവ് ചട്ട ഭേദഗതി നടപ്പാക്കണമെന്ന് നേതാക്കള്‍ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. സര്‍ക്കാറും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, തുടര്‍ നടപടികള്‍ ഉണ്ടാകാതെ വന്നതാണ് പ്രശ്‌നം സങ്കിര്‍ണമാക്കിയത്.