രണ്ട് വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന തൊടുപുഴ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്ക് ഈ മാസം തന്നെ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കും
തൊടുപുഴ: ലോക്ക് ഡൗണിന്റെയും നവീകരണത്തിന്റെയും പേരില്‍ രണ്ട് വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന തൊടുപുഴ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്ക് ഈ മാസം തന്നെ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കും.
ഇതിന്റെ ഭാഗമായി നവീകരണത്തിന്റെ അവസാന ഘട്ട ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം പാര്‍ക്ക് തുറക്കാന്‍ തീരുമാനിച്ചെങ്കിലും മഴ കാരണം പണികള്‍ പൂര്‍ണമായും തീര്‍ക്കാനായില്ല. ചില പെയിന്റിംഗ് ജോലികള്‍ ബാക്കിയുണ്ട്. കുറച്ചിടങ്ങളില്‍ മണലും ഗ്രാവലുമടക്കം വിരിക്കാനുണ്ട്. ഇത് കൂടി കഴിഞ്ഞാല്‍ തുറന്നുനല്‍കാം. ഇക്കാര്യം ചര്‍ച്ച ചെയ്യാനും ഉദ്ഘാടന തീയതി തീരുമാനിക്കാനുമായി പ്രത്യേക നഗരസഭാ കൗണ്‍സില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൗണ്‍സില്‍ ഹാളില്‍ ചേരും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്ബാണ് പാര്‍ക്ക് അടച്ചിട്ടത്.
പാര്‍ക്കിന്റെ നവീകരണത്തിനായി മുന്‍ ഭരണ സമിതിയുടെ കാലത്ത് 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കലും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കലുമൊക്കെ നേരത്തെ തന്നെ നടന്നെങ്കിലും നിര്‍മ്മാണം ആരംഭിക്കലും പൂര്‍ത്തിയാക്കലും വൈകുകയായിരുന്നു. മുന്‍ കൗണ്‍സിലിന്റെ കാലത്ത് ആരംഭിച്ച പണികള്‍ ഇപ്പോഴും തുടരുകയാണ്. ഇടക്കാലത്ത് പണികള്‍ നിലച്ചത് പ്രതിസന്ധി സൃഷ്ടിച്ചു.
നവീകരണ ജോലികള്‍ വൈകുന്നതിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള നഗരസഭയിലെ പ്രതിപക്ഷ കക്ഷികള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ തുടര്‍ച്ചയായി പ്രതിഷേധമുയര്‍ത്തിയിരുന്നു. കൊവിഡിന് മുമ്ബ് ദിനംപ്രതി കുട്ടികളും രക്ഷിതാക്കളുമടക്കം നൂറ് കണക്കിനാളുകളാണ് പാര്‍ക്കില്‍ എത്തിയിരുന്നത്.