“ആദിവാസി ഊരുകളെ കാഴ്ച ബംഗ്ലാവുകളാക്കുകയാണ്” ആദിവാസി ഊരുകൾ കാഴ്ച ബംഗ്ലാവുകളല്ല,
ആദിവാസി ഊരുകളിലേക്ക് പുറത്തുനിന്നുമുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്ക് പ്രവേശിക്കുന്നതിന് പാസ്സ് ഏർപെടുത്തിയ പട്ടിക വർഗ വകുപ്പ് “ആദിവാസി ഊരുകളെ കാഴ്ച ബംഗ്ലാവുകളാക്കുകയാണ്” ആദിവാസി ഊരുകൾ കാഴ്ച ബംഗ്ലാവുകളല്ല, അതുപോലെ തന്നെ അതീവ സുരക്ഷിത മേഖലയുമല്ല പിന്നെ എന്തിനാണ് ഇവിടെ പ്രവേശിക്കുന്നതിന് പട്ടിക വർഗ വകുപ്പ് പാസ്സ് ഏർപെടുത്തുന്നത്? പട്ടിക വർഗ ഡിപ്പാർട്ട്മെന്റ് ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മതി, ആദിവാസികളുടെ കാര്യത്തിൽ അതിതീവ്രമായ രക്ഷാകതൃത്വം ഏറ്റെടുക്കേണ്ട കാര്യമില്ല. ഞങ്ങളും മനുഷ്യരാണ്, ആദിവാസി ക്ഷേമമാണ് ലക്ഷ്യമെങ്കിൽ ആദ്യം ആദിവാസികളുടെ വികസനത്തിനായി കേന്ദ്രഗവണ്മെന്റ് പാസാക്കിയ വനാവകാശ നിയമവും, ആദിവാസി സ്വയം ഭരണ പഞ്ചായത്തുകളും (PESA) നടപ്പാക്കട്ടെ. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും ചെയ്യാത്ത ഒരു ഗവണ്മെന്റാണ് ആദിവാസികളെ സംരക്ഷിക്കുവാൻ പ്രവേശന പാസ്സ് നടപ്പാക്കുന്നത്. യൂണിവേഴ്സിറ്റി, കോളേജുകളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികളാണോ ആദിവാസികൾക്ക് ഭീഷണി ഉയർത്തുന്നത്? അതോ മാധ്യമപ്രവർത്തകരോ? അതോ സാമൂഹ്യ പ്രവർത്തകരോ ?
ആദിവാസി മേഖലയെ പാപ്പരാക്കി മാറ്റിയ ഒരു പാർട്ടിയും/സർക്കാരുമാണ് വീണ്ടും ആദിവാസികളെ കാണുവാൻ പ്രവേശന പാസ്സ് ഏർപെടുത്തുന്നത്.1997 ൽ നായനാർ ഗവണ്മെന്റാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി കുടിയേറ്റക്കാർക്ക് പട്ടയം കൊടുത്ത് വാഴിച്ചത്. ആദിവാസികൾ ഇന്ന് കഴിയുന്നത് രണ്ടും, മൂന്നും സെന്റ് ഭൂമിയിൽ പ്ലാസ്റ്റിക് കൂരകളിലാണ്. ഇന്നത്തെ അവസ്ഥ പരിതാപകരമാണ്, പണിയെടുത്ത് എന്തെങ്കിലും കിട്ടിയാലല്ലാതെ ഉപജീവനത്തിന് വകയില്ലത്തവരായി അലയുകയാണ്. ആദിവാസികൾക്ക് മറ്റു മനുഷ്യരെപോലെ ജീവിക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും അടച്ചു കളഞ്ഞ നിയമമാണ് 1997ൽ നയനാർ-കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് നടപ്പാക്കിയത്. ഇപ്പോൾ കമ്മ്യൂണിസ്റ്റ്-ദലിതനായ (പി.കെ എസ്)കെ. രാധാകൃഷ്ണന്റെ സംഭവനയാണ് ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നതിന് പ്രവേശന പാസ്സ് ഏർപ്പെടുത്തിയത്. ആദിവാസി വികസനത്തിന് അനുവദിക്കുന്ന കോടിക്കണക്കിന് രൂപ പതിറ്റാണ്ടുകളായി തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബികൾ ആദിവാസികളുടെ വികസനത്തെ പരിപൂർണ്ണമായും തകർത്തിരിക്കുകയാണ്.
ആദിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ, സങ്കീർണതകൾ,ദാരിദ്ര്യം, പട്ടിണി, ലൈംഗീക ചൂഷണങ്ങൾ, പീഢനങ്ങൾ ഇവയൊന്നും പുറം ലോകം അറിയരുതെന്ന ലക്ഷ്യമാണ് ഇപ്പോൾ പുറത്തിറക്കിയ ഉത്തരവിന്റെ ഉദേശ്യം. ആദിവാസി മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെങ്കിൽ പോലീസ് അവരെ പിടികൂടണം.ഇപ്പോൾ വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോടികൾ ചിലവഴിച്ച് തണ്ടർ ബോൾട്ടിനെ അത്യാധുനിക വാഹന സൗകര്യങ്ങളോടെ വിന്യസിച്ചിട്ടുണ്ടല്ലോ? അവരുടെ പണി എന്താണ്?അവർ മാവോയിസ്റ്റ് വേട്ട എന്ന പേരിൽ കാട്ടിലേക്ക് വെടിവെച്ച് കാടിളക്കി മാവോയിസ്റ്റിന്റെ ഷർട്ട് പിടിച്ചെടുത്തു എന്ന് വീമ്പിളക്കാറുണ്ടല്ലോ, എന്താണ് മാവോയിസ്റ്റുകളെ പിടികൂടാത്തത് . നാളിതു വരെയും ആദിവാസി ഊരുകളിൽ നിന്നും മാവോയിസ്റ്റുകളെ പിടികൂടിയിട്ടില്ല. കാട്ടിലും, റിസോർട്ടിലും മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നിട്ടുണ്ട്. മാവോയിസ്റ്റുകളുടെ പേര് പറഞ്ഞു ആദിവാസികളെ വേട്ടയാടുന്നത് ഗവണ്മെന്റ് അവസാനിപ്പിക്കണം
1.ആദിവാസി മേഖലയുടെ വികസനത്തിന് ഓരോ വർഷവും അനുവദിക്കുന്ന കോടികൾ എന്ത് ചെയ്തു എന്ന് അന്വോഷിക്കുന്നതിന് ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുക
2.ആദിവാസികൾക്ക് വേണ്ടത് വികസന പ്രവർത്തനങ്ങളാണ് ക്ഷേമ പ്രവർത്തനമല്ല
3.ആദിവാസി ഫണ്ട് വെട്ടിപ്പിന് കൂട്ടുനിൽക്കുന്ന പട്ടിക വർഗ വകുപ്പിലെ ഉദ്യോഗസ്ഥരെ പിരിച്ചു വിടുക
4.വനവകാശ നിയമം (FRA) ഉടൻ നടപ്പിലാക്കുക
5.ആദിവാസി സ്വയംഭരണ പഞ്ചായത്തുകൾ (PESA) ഉടൻ നടപ്പാക്കുക
- ആദിവാസി ചൂഷണം അവസാനിപ്പിക്കുവാൻ ആദിവാസി ചെറുപ്പക്കാർക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുക
6.ആദിവാസി ഊരുകളുടെ വികസനത്തെ സംബന്ധിച്ച് സോഷ്യൽ ഓഡിറ്റിംഗ് നടത്തുക