തദ്ദേശീയമായി വികസിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഇന്‍വെര്‍ട്ടര്‍ രാമക്കല്‍മെട്ട് ആമപ്പാറയിലെ വൈദ്യുത നിലയത്തില്‍
നെടുങ്കണ്ടം: തദ്ദേശീയമായി വികസിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഇന്‍വെര്‍ട്ടര്‍ രാമക്കല്‍മെട്ട് ആമപ്പാറയിലെ അനര്‍ട്ടിന്റെ അക്ഷയ ഹൈബ്രിഡ് സൗരോര്‍ജ വൈദ്യുത നിലയത്തില്‍ സജ്‌ജമായി.
ഊര്‍ജ വിതരണത്തിലെ അസ്‌ഥിരത മൂലം വിതരണ ശൃംഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് 500 കിലോവാട്ട് ശേഷിയുള്ള രണ്ട് ഇന്‍വെര്‍ട്ടറുകള്‍ സ്‌ഥാപിച്ചിരിക്കുന്നത്.
അനര്‍ട്ടിനുവേണ്ടി സി-ഡാക്കാണ് ഇന്‍വെര്‍ട്ടറുകള്‍ തദ്ദേശീയമായി നിര്‍മിച്ച് നല്‍കിയത്. രാജ്യത്ത് നിര്‍മിക്കുന്ന ഇന്‍വെര്‍ട്ടറുകളില്‍ ഏറ്റവും ശേഷി കൂടിയത് അഞ്ച് കിലോവാട്ടിന്റേതാണ്. അതിനാല്‍ വിവിധ വൈദ്യുത പദ്ധതികള്‍ക്കാായി മറ്റു രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇതിനാല്‍ ആമപ്പാറയില്‍ സൗരോര്‍ജ വൈദ്യുത നിലയം സ്‌ഥാപിക്കാന്‍ പദ്ധതി തയാറാക്കിയപ്പോള്‍ തന്നെ സ്വന്തമായി ഇന്‍വെര്‍ട്ടര്‍ നിര്‍മിക്കാന്‍ അനര്‍ട്ട് പദ്ധതി മുന്നോട്ടുവെച്ചിരുന്നു. തദ്ദേശീയമായി നിര്‍മിക്കുന്ന ഏറ്റവും വലിയ ഗ്രിഡ് റ്റൈഡ് ഇന്‍വര്‍ട്ടറാണ് അമപ്പാറയിലേതെന്ന് അനര്‍ട്ട് സ്‌റ്റേറ്റ് അഡീഷണല്‍ ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ പി. ജയചന്ദ്രന്‍ നായര്‍ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെയാണ് നിലയത്തില്‍ ഇന്‍വേര്‍ട്ടര്‍ സംവിധാനം സ്‌ഥാപിച്ചത്. ഇതിന്റെ ട്രയല്‍ റണ്‍ നടന്നു വരികയാണ്. നിലയം പൂര്‍ണ സജ്‌ജമായതോടെ ഔദ്യോഗിക ഉദ്‌ഘാടനം ഒരുമാസത്തിനകം ഉണ്ടാവുമെന്നും അനര്‍ട്ട് അധികൃതര്‍ അറിയിച്ചു.
16 കോടി ചിലവഴിച്ച് സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേ സമയം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയില്‍ സോളാര്‍ പാനലുകള്‍ സ്‌ഥാപിക്കുന്ന ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
ഇതില്‍ നിന്നും ഒരു മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടമായി പ്രദേശത്ത് കാറ്റാടികള്‍കൂടി സ്‌ഥാപിച്ച് പദ്ധതി മൂന്ന് മെഗാവാട്ടായി ഉയര്‍ത്തും. എന്നാല്‍ മൂന്ന് മെഗാവാട്ട് വൈദ്യുതി ശേഖരിച്ച് വിതരണം ചെയ്യാന്‍ കെ.എസ്.ഇ.ബിയുടെ നെടുങ്കണ്ടത്തെ സബ്‌സേ്‌റ്റഷനില്‍ സംവിധാനമില്ല. അതിനാല്‍ അണക്കരമെട്ട് മലനിരയില്‍ പുതിയ സബ്‌സേ്‌റ്റഷന്‍ സ്‌ഥാപിക്കാനുള്ള പദ്ധതി കെ.എസ്.ഇ.ബിയുടെ പരിഗണനയിലാണ്. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ ആമപ്പാറയിലെ പദ്ധതി പൂര്‍ണമാകൂ. ആമപ്പാറയില്‍ അനര്‍ട്ടിന്റെ ഉടമസ്‌ഥതയില്‍ 147 ഹെക്‌ടര്‍ ഭൂമിയാണുള്ളത്.
വര്‍ഷം മുഴുവന്‍ ശക്‌തമായ കാറ്റ് ലഭിക്കുന്നതും സൂര്യ പ്രകാശം ശക്‌തമായി ലഭിക്കുന്നതുമായ വിശാലമായ പുല്‍മേടുകളാണിത്. ഇക്കാരണത്താലാണ് മേഖലയില്‍ പദ്ധതി സ്‌ഥാപിക്കാന്‍ നടപടി തുടങ്ങിയത്.
എന്നാല്‍, പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാലതാമസമുണ്ടായി. ഇതിനിടെ സാമൂഹിക വിരുദ്ധന്‍ സോളാര്‍ പാനലുകള്‍ നശിപ്പിച്ചതും ശക്‌തമായ കാറ്റില്‍ രണ്ട് തവണ സോളാര്‍ പാനലുകള്‍ പറന്ന് പോയതും പദ്ധതിക്ക് തിരിച്ചടിയായിരുന്നു.