സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് നാലാണ്ട് തികയുന്നു
സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് നാലാണ്ട് തികയുകയാണ്. മുഖ്യമന്ത്രിയും മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയും മന്ത്രി വീണാ ജോര്‍ജും സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു.
മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ എന്നും പ്രചോദനമായിരിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മഹാമാരികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ മറുപേരാണ് സിസ്റ്റര്‍ ലിനിയെന്ന് കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
‘സിസ്റ്റര്‍ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നാലാണ്ട് തികയുകയാണ്. നിപ്പയെന്ന മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിന്‍്റെ ഓര്‍മ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണ്. സിസ്റ്റര്‍ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്. മറ്റൊരു മഹാമാരിയില്‍ നിന്നും പൂര്‍ണമായും വിടുതല്‍ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്. മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ എന്നും പ്രചോദനമായിരിക്കും. സ്വന്തം ജീവന്‍ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്ന ലിനിയുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞജലികള്‍ അര്‍പ്പിക്കുന്നു’, മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘മഹാമാരികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ മറുപേരാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ അനശ്വരമായ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവര്‍ഷം തികയുകയാണ്. നിപ്പയെന്ന മഹാമാരിക്കെതിരെ കേരളീയര്‍ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഓര്‍മകൂടിയാണ് ഇന്ന് പുതുക്കപ്പെടുന്നത്. നിപ്പ നല്‍കിയ പാഠം ലോകം വിറങ്ങലിച്ച കൊവിഡ് മഹാമാരിക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് എത്രത്തോളം ഗുണകരമായെന്നത് നമ്മുടെ അനുഭവ സാക്ഷ്യമാണ്.
ഇപ്പോഴും നാം പൂര്‍ണമായും മുക്തമായിട്ടില്ലാത്ത കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം ലോകത്തിനാകെ മാതൃകയാകും വിധമാണ് നാം നടത്തിയത്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു അവിടെയും പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍.
നാമിപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ എന്നും പ്രചോദനമാവും. സ്വന്തം ജീവന്‍ ത്യജിച്ച് ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്ന സിസ്റ്റര്‍ ലിനിയുടെ ഓര്‍മ പുതുക്കുന്നതിനൊപ്പം ലോകത്താകമാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൂടെ ഈ അവസരത്തില്‍ ഓര്‍ത്തെടുക്കുന്നു. സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍…’,കെ കെ ശെെലജ കുറിച്ചു.