തീവ്രവാദ സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി; പോലീസുകാരുടെ ഫോണുകൾ പിടിച്ചെടുത്തു


മൂന്നാർ: തീവ്രവാദ സംഘടനകൾക്ക് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്ന് രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുത്തു. വിശദമായ പരിശോധനയ്ക്കായി ഇവ സൈബർ സെല്ലിന് കൈമാറി.മൂന്നാർ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡിവൈ.എസ്.പി. കെ.ആർ.മനോജ് പിടിച്ചെടുത്തത്.
സ്റ്റേഷനിലെ പ്രധാനരേഖകൾ കൈകാര്യംചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റർ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണിവ. ഫോണിലെ വിവരങ്ങൾ ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. മൂന്നാർ സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്ന് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകിയെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. അവർ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.
മൂന്ന് പോലീസുകാരും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നീരീക്ഷണത്തിലായിരുന്നു. സംഭവം പുറത്തായതിനെത്തുടർന്നാണ് ചൊവ്വാഴ്ച ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്.