പ്രധാന വാര്‍ത്തകള്‍
നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ നിന്ന് മലങ്കര ജലാശയത്തിന്റെ ക്യാച്മെന്റ് ഏരിയയിലേക്ക് തെന്നിമാറി : വൻ ദുരന്തം ഒഴിവായി


മുട്ടം : നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ നിന്ന് മലങ്കര ജലാശയത്തിന്റെ ക്യാച്മെന്റ് ഏരിയയിലേക്ക് തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. നിറയെ യാത്രക്കാരുമായി കട്ടപ്പനയിൽ നിന്നു തൊടുപുഴയ്ക്കു പോയ ഗ്രേസ് മരിയ എന്ന സ്വകാര്യ ബസാണ് ഇന്നലെ രാവിലെ 10.30ന് തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ ശങ്കരപ്പിള്ളിയിൽ അപകടത്തിൽ പെട്ടത്. ശങ്കരപ്പിള്ളി ജംക്‌ഷനിൽ എത്തിയപ്പോൾ റോഡിന്റെ നടുവിലെ വെളുത്ത വരയിൽ ടയർ കയറി ബസ് തെന്നി മാറുകയായിരുന്നു.
ബസ് റോഡിൽ നിന്നു പാതി ക്യാച്‌മെന്റ് ഏരിയയിലേക്ക് ചെരിഞ്ഞു. 30 അടിയിലേറെ താഴ്ചയുള്ള ഭാഗമാണിത്. റോഡിൽനിന്ന് തെന്നുന്നതിനിടെ ബസ് ഇടിച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും മറിഞ്ഞു. ഓട്ടോറിക്ഷയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സും ക്രെയിനും എത്തിച്ചാണ് ബസ് വലിച്ചു കയറ്റിയത്.