ജില്ലയിലെ പരമാവധി ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ച് പോകാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്; ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍
മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം വിപണന പ്രദര്‍ശന മേളയുടെയും സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരമാവധി ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാതല ആഘോഷവും പ്രദര്‍ശന മേളയും ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി മാറി. ജില്ലയിലെ കഴിയുന്നത്ര കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കര്‍ഷകര്‍ക്കൊപ്പമാണ് ഈ സര്‍ക്കാര്‍. കൊവിഡ് കാലത്ത് ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളേതുമില്ലാതെ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ സംരക്ഷണ കവചം തീര്‍ത്ത സര്‍ക്കാരാണിത്. ജില്ലയുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. കേരളത്തില്‍ ആദ്യമായി വരാന്‍ പോകുന്ന ഇറിഗേഷന്‍ മ്യൂസിയം ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാക്കും. ജില്ലാ ഹെഡ്‌കോട്ടേഴ്‌സിന്റെ രൂപവും ഭാവവും മാറണം. പ്രധാനപ്പെട്ട റോഡുകളൊക്കെയും ബി എം ബി സി നിലവാരത്തിലേക്ക് മാറികൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മാറ്റങ്ങളുണ്ടാകണം. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ അപാകതകളെ കുറിച്ചാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വരുംകാലത്തേക്കാണ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. ആറ് മാസങ്ങള്‍ കൊണ്ട് നൂറോളം ഡോക്ടര്‍മാരെയുള്‍പ്പെടെ നിയമിച്ച് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരും. അടിസ്ഥാന വികസന രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാതല ആഘോഷ പരിപാടിക്ക് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കും വിപണന പ്രദര്‍ശന മേളയില്‍ മികവ് പുലര്‍ത്തിയ സ്റ്റാളുകള്‍ക്കുമുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. വിളംബര ഘോഷയാത്രയില്‍ കാമാക്ഷി ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനവും, കുമളി ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനവും, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വാണിജ്യ സ്റ്റാളുകളില്‍ തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സഹ്യ ടീ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ കരകൗശല വസ്തുക്കളുടെ ശേഖരവുമായെത്തിയ അടിമാലി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത യന്ത്രോപകരണമായ മള്‍ട്ടി പര്‍പ്പസ് മോട്ടോറൈസ്ഡ് ട്രോളിയുമായി വാണിജ്യ സ്റ്റാളിലെത്തിയ എഡ്വിന്‍ ഇന്‍ഡസ്ട്രീസ് മൂന്നാം സ്ഥാനവും നേടി.
തീം സ്റ്റാളുകളില്‍ ലഹരിക്കെതിരെ ഒരു ത്രോ എന്ന സന്ദേശവുമായെത്തിയ എക്‌സൈസ് വകുപ്പ് ഒന്നാം സ്ഥാനം നേടിയപ്പോള്‍, രണ്ടാം സ്ഥാനം കെ എസ് ഇബി യും, കട്ടപ്പന കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലും പങ്കിട്ടു. പൊതുമരാമത്ത് വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും സ്റ്റാളുകള്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വാഴത്തോപ്പ് ഗവണ്‍മെന്റ് വി എച്ച് എസ് എസ് ഹെഡ്മാസ്റ്റര്‍ ടി എം ആന്റണി മൈക്കിളിനെ ചടങ്ങില്‍ ആദരിക്കുകയും സംഘാടക മികവിന് സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍ ബിനോയി സെബാസ്റ്റ്യനെ അനുമോദിക്കുകയും ചെയ്തു.ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, മുന്‍ എം പി അഡ്വ.ജോയ്‌സ് ജോര്‍ജ്,ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനറും സി പി ഐ ജില്ലാ സെക്രട്ടറിയുമായ കെ കെ ശിവരാമന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, സ്വാഗത സംഘം ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.