മന്ത്രിസഭാ വാര്‍ഷികാഘോഷവും എന്റെ കേരളം പ്രദര്‍ശന വിപണന മേളയും; ഉത്സവാന്തരീക്ഷം തീര്‍ത്ത 7 ദിനങ്ങള്‍ അവസാനിച്ചു
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ടു നടന്ന ജില്ലാതല ആഘോഷപരിപാടികള്‍ക്ക് തിരശ്ശീല വീണു. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന എന്റെ കേരളം പ്രദര്‍ശന-വിപണനമേളയും കലാസാംസ്‌ക്കാരിക പരിപാടികളും വാഴത്തോപ്പ് ജി വി എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ ഉത്സവാവേശം സൃഷ്ടിച്ചു. ഈ മാസം 9 മുതല്‍ ഏഴ് ദിവസങ്ങളിലായിട്ടായിരുന്നു ആഘോഷപരിപാടികള്‍ നടന്നു വന്നിരുന്നത്. ആയിരങ്ങള്‍ അണിനിരന്ന സാംസ്‌ക്കാരിക ഘോഷയാത്രയോടെയായിരുന്നു ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഒരാഴ്ച്ചക്കാലം നീണ്ട ആഘോഷ പരിപാടികളിലൂടെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെയും സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വിവിധ വികസന കാഴ്ച്ചപ്പാടുകളും പൊതുജനമധ്യത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ വികസന ഡോക്യുമെന്ററി, ചിത്ര പ്രദര്‍ശനം, കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വിത്തുകളുടെയും തൈകളുടെയും പ്രദര്‍ശനവും വില്‍പ്പനയും വൈവിദ്ധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങളൊരുക്കിയ കുടുംബശ്രീ ഫുഡ്കോര്‍ട്ട്, ജില്ലയിലെ ടൂറിസം അനുഭവങ്ങളുടെ നേര്‍ക്കാഴ്ച്ച, ചെറുകിട വ്യവസായ സംരഭക വിപണന സ്റ്റാളുകള്‍, എന്റെ കേരളം പ്രദര്‍ശന സ്റ്റാള്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍ തുടങ്ങിയവയൊക്കെ ആഘോഷ നഗരിയെ സമ്പന്നമാക്കി. 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളുമടക്കം 138 സ്റ്റാളുകളായിരുന്നു മേള നഗരിയില്‍ ക്രമീകരിച്ചിരുന്നത്.
ദിവസവും വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുത്ത സെമിനാറുകള്‍ നടന്നു. പാല്‍-ഭക്ഷ്യവസ്തു-മണ്ണ് പരിശോധനകള്‍, വിവിധ വകുപ്പുകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി മേള നഗരിയില്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിരുന്നു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ള പ്രമുഖര്‍ വിവിധ ദിവസങ്ങളിലായി ആഘോഷ നഗരിയിലെത്തി പ്രദദര്‍ശന വിപണനമേള നേരില്‍ കണ്ടറിഞ്ഞു. പ്രശസ്ത കലാകാരന്‍ രാജേഷ് ചേര്‍ത്തലയുടെ മ്യൂസിക് ഫ്യൂഷന്‍, ചലച്ചിത്ര താരം ബിനു അടിമാലിയുടെ മെഗാ ഷോ, മാജിക്ക് ഷോ, ഗോത്ര കലാ സന്ധ്യ, പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട്, ഗാനമേള, പ്രശസ്ത പിന്നണിഗായകന്‍ വിധുപ്രതാപിന്റെ ഗാനമേള തുടങ്ങിയവയും പ്രാദേശിക കലാകാരന്‍മാരുടെ വിവിധ കലാപരിപാടികളും വിവിധ ദിവസങ്ങളിലായി നടന്ന കലാസന്ധ്യ സമ്പുഷ്ടമാക്കി. ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളില്‍ ഇടുക്കി കെ9 സേന നടത്തിയ ശ്വാന പ്രദര്‍ശനം മേള നഗരിയില്‍ എത്തിയ കാണികളുടെ കൈയ്യടി നേടി. നവകേരള സൃഷ്ടിക്കായി ദീര്‍ഘവീക്ഷണത്തോടെയും വികസന കാഴ്ച്ചപ്പാടോടെയുമുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി മുമ്പോട്ട് പോകുന്ന ഒരു ജനകീയ സര്‍ക്കാരിന്റെ പൊതു ജനമധ്യത്തിലെ അടയാളപ്പെടുത്തലായി മാറി ഒരാഴ്ച്ചക്കാലം നീണ്ട രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ജില്ലാതല ആഘോഷവും എന്റെ കേരളം പ്രദര്‍ശന വിപണന മേളയും.