ചെറുകിട തേയില കര്‍ഷകര്‍ പ്രതിസന്ധിയിൽ : കൊളുന്ത് ഉത്പാദനം കൂടി, വാങ്ങാൻ ആളില്ല
കട്ടപ്പന: ഉല്‍പാദനം വര്‍ധിച്ചതോടെ ഫാക്ടറികളും ഏജന്‍റുമാരും കൊളുന്ത് വാങ്ങുന്നത് നിര്‍ത്തി. ചില ഫാക്ടറികള്‍ വാങ്ങുന്നതിന്റെ അളവ് നേര്‍പകുതിയാക്കി കുറച്ചു.
ഇതോടെ ജില്ലയിലെ 20,000 ചെറുകിട തേയില കര്‍ഷകര്‍ പ്രതിസന്ധിയിലായി.
കാലാവസ്ഥ അനുകൂലമായതാണ് കൊളുന്ത് ഉല്‍പാദനം കുത്തനെ വര്‍ധിക്കാന്‍ കാരണം. ഇതോടെ വില കുത്തനെ ഇടിഞ്ഞു. തേയില ബോര്‍ഡ് മേയില്‍ നിശ്ചയിച്ച തറവില കിലോക്ക് 12.36 രൂപയാണ്. എന്നാല്‍, ഫാക്ടറികള്‍ ഗുണനിലവാരമനുസരിച്ച് ഒമ്ബതു മുതല്‍ 11 രൂപവരെ മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് വൈ.സി. സ്റ്റീഫന്‍ പറഞ്ഞു.
ജില്ലയിലെ തേയില ഫാക്ടറികളിലേറെയും വന്‍കിട തോട്ടങ്ങളോട് അനുബന്ധിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ തേയിലത്തോട്ടത്തില്‍ ഉല്‍പാദിപ്പിക്കുന്ന കൊളുന്തിന്റെ ലഭ്യതക്കനുസരിച്ചാണ് ഇത്തരം ഫാക്ടറികള്‍ പുറത്തുള്ള ചെറുകിട കര്‍ഷകരില്‍നിന്ന് കൊളുന്ത് വാങ്ങുന്നത്. ഉല്‍പാദനം കൂടിയാല്‍ വാങ്ങുന്നത് നിര്‍ത്തുകയോ ഏജന്റുമാരോട് അളവ് കുറക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യും. കാലാവസ്ഥ അനുകൂലമായതിനാല്‍ എല്ലാ തോട്ടത്തിലും ഇപ്പോള്‍ ഉല്‍പാദനം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
വളകോട്, വട്ടപ്പതാല്‍, വാഗമണ്‍, പുള്ളിക്കാനം, കാല്‍വരിമൗണ്ട്, തോപ്രാംകുടി തുടങ്ങിയ മേഖലകളില്‍നിന്നായി പ്രതിദിനം രണ്ടരലക്ഷം കിലോയോളം കൊളുന്താണ് വിവിധ മേഖലകളിലെ ഫാക്ടറികളിലേക്ക് അയച്ചിരുന്നത്. മൂന്നാര്‍, പീരുമേട്, ഇടുക്കി, വാല്‍പ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ ഫാക്ടറികളിലേക്കാണ് കൊളുന്ത് കൊണ്ടുപോയിരുന്നത്.
കമ്ബനികള്‍ പിന്‍വലിഞ്ഞതോടെ കര്‍ഷകര്‍ക്ക് കനത്ത ആഘാതമായി. മൂന്നാര്‍ മേഖലയിലേക്ക് ദിവസങ്ങളായി കൊളുന്ത് കൊണ്ടുപോകുന്നില്ല. ചുരുക്കം ചില ഫാക്ടറികള്‍ കുറഞ്ഞ അളവില്‍ വാങ്ങാന്‍ തയാറാണെങ്കിലും കിലോക്ക് ഒമ്ബത് മുതല്‍ 11 രൂപവരെ മാത്രമാണ് നല്‍കുന്നത്. മൂത്തതാണെന്നും വെള്ളം കൂടുതലാണെന്നും മറ്റുമുള്ള കാരണങ്ങള്‍ നിരത്തി 10 മുതല്‍ 15 ശതമാനം വരെ തൂക്കത്തില്‍ കുറക്കുകയും ചെയ്യും. ഏതാനും ആഴ്ച മുമ്ബ് 15 രൂപക്കുവരെ കൊളുന്ത് വിറ്റിരുന്ന സ്ഥാനത്താണ് ഈ പ്രതിസന്ധി.
ഏപ്രിലില്‍ കിലോക്ക് 12.86 രൂപയാണ് ടീ ബോര്‍ഡ് പ്രഖ്യാപിച്ച തറവില. അതിന് മുമ്ബത്തെ മാസം 13.40 ആയിരുന്നു. വില ഇടിഞ്ഞതോടെ കര്‍ഷകര്‍ വിളവെടുപ്പ് സാവധാനമാക്കിയതിനാല്‍ ചെടികളില്‍ നില്‍ക്കുന്ന കൊളുന്ത് മൂത്ത് ഉപയോഗശൂന്യമാകുകയാണ്. അടുത്തഘട്ടത്തില്‍ വിളവെടുപ്പ് നടത്തണമെങ്കില്‍ ഇവ വെട്ടിമാറ്റണം. മൂത്തുനശിച്ച കൊളുന്ത് വെട്ടിമാറ്റണമെങ്കില്‍ അതിനും പണം മുടക്കണം. പ്രശ്‌നത്തില്‍ അടിയന്തരമായി ടീ ബോര്‍ഡ് ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.