ആണാധികാരത്തിന്മേൽ ഉയർന്നുപാറിയ ശുഭപതാക;കെ ആർ ഗൗരിയമ്മ ഓർമയായിട്ട് ഒരു വർഷം


തിരുവനന്തപുരം: കെ.ആർ.ഗൗരിയമ്മയില്ലാത്ത കേരളത്തിന് ഇന്ന് ഒരു വയസ്സാകുന്നു കഴിഞ്ഞ നൂറ്റാണ്ട് മലയാളി കണ്ട ഏറ്റവും തലയെടുപ്പുളള വനിതാ നേതാവ്, പകരം വെക്കാനില്ലാത്ത പേരാണ്.
വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങുന്നില്ല ഗൗരിയമ്മ. കനലണയാത്ത വീര്യം.ആണധികാരത്തിന് മേൽ ഉയർന്നുപാറിയ ശുഭ്രപതാക. ചരിത്രത്തിലേക്കും പുതുകേരള നിർമിതിയിലേക്കുമായി ചുളിവുകളില്ലാതെ വീണൊരു ഒപ്പ്. സമരവും പോരാട്ടവും കലഹവും കലാപവുമായി പകലിരവുകൾ കയറിയിറങ്ങിയൊരു നൂറ്റാണ്ട്. അതാണ് ഗൗരിയമ്മയെന്ന കാലവും കമ്യൂണിസ്റ്റും.
1930കളിൽ വിലക്കുകളിൽ വീണുപോയ പെൺകൂട്ടങ്ങളിൽ നിന്ന് മാറിനടന്ന ഗൗരിയമ്മ , അന്നും പിൽക്കാലത്തും, സ്ത്രീ ഇങ്ങനെയായിരിക്കണം എന്ന ഉറച്ചുപോയ ധാരണകളെ പൊളിച്ചടുക്കി. വാക്കിലും നടപ്പിലുമെല്ലാം. ലാത്തികൾക്ക് മറുപടിയിട്ടതിന്‍റെ കരുത്ത് ഗൗരിയമ്മയെ നമ്മൾ കണ്ട സ്ത്രീകളിൽ നിന്ന് വേറിട്ടുനിർത്തി.
തുറന്നെതിർത്തും വഴങ്ങാതെയും അവർ ജയിച്ചുനിന്നു.കണ്ണീരും സഹനവും നിറഞ്ഞ നാളുകളേറെയെങ്കിലും തോൽവി എന്ന വാക്ക് ഗൗരിയമ്മ എന്ന സ്ത്രീയുടെ ഏഴയലത്ത് അടുക്കുന്നേയില്ല.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിത. മാറ്റങ്ങളുടെ വേലിയേറ്റമായിത്തീർന്ന ഭൂപരിഷ്കരണ നിയമത്തിന്‍റെ അവതാരകയും നടപ്പാക്കിയ അധികാരിയും. അഞ്ച് തവണ അവർ മന്ത്രിയായി.13 തെരഞ്ഞെടുപ്പുകളിൽ ജയിച്ചു. ഒന്നുമില്ലാത്തവ് ജീവിതം വിതയ്ക്കാൻ നിലമൊരുക്കിക്കൊടുത്ത കൈപ്പട ഗൗരിയമ്മയെന്ന ഭരണാധികാരിയുടെ അടയാളം.
എല്ലാമെല്ലാം അവർക്ക് പാർട്ടിയായിരുന്നു. പാർട്ടി മണ്ണിലുറച്ചതിൽ ഗൗരിയമ്മയുടെ വിയർപ്പുമേറെ.മീനും വെളളവുമെന്ന പോലെയാവണം നേതാവും ജനങ്ങളുമെന്നായിരുന്നു ഗൗരിയമ്മയുടെ തീർപ്പ്. കൂട്ടത്തിൽ അല്ലെന്ന കണ്ടെത്തലിനൊടുവിൽ പാർട്ടി കരയിലേക്ക് കൊളുത്തിയെറിഞ്ഞിട്ടും ഗൗരിയമ്മ പിടഞ്ഞുതീർന്നില്ല. 94ലെ പുറത്താക്കലിന് ശേഷം സ്വന്തം പാർട്ടിയുണ്ടാക്കി ഗൗരിയമ്മ പിടിച്ചുനിന്നു. പിന്നെയും മന്ത്രിയായി.
ആശയത്തോടല്ല ആളുകളോട് കലഹിച്ചൊടുവിൽ പാർട്ടിക്കൊപ്പം നിന്ന അവസാനകാലം.ഗൗരിയമ്മയെന്ന രാഷ്ട്രീയ നേതാവ് , അവസാനം എന്നൊന്നില്ല എന്ന പാഠമാകുന്നു.
ഇങ്ങനെയുമൊരു നേതാവോ എന്നത്…