കാഞ്ഞിരപ്പള്ളി രൂപത ഭവനരഹിതർക്കായി കപ്പാട് നിർമ്മിക്കുന്ന 12 ഭവനങ്ങളുടെ ശിലാസ്ഥാപനം കർമം നടന്നു..
കാഞ്ഞിരപ്പള്ളി:നിസ്സഹായരായ സഹോദരങ്ങളുടെ നിലവിളികൾ ശ്രവിക്കുകയും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നവർ വിശ്വാസത്തിന്റെ സത്ഫലങ്ങൾ പുറപ്പെടുവിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസഫ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപത ഭവനരഹിതർക്കായി കപ്പാട് നിർമ്മിക്കുന്ന 12 ഭവനങ്ങളുടെ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാർത്ഥതയുടെ പ്രലോഭനങ്ങളെ അതിജീവിക്കുന്നവർക്കാണ് സഹോദരങ്ങളുടെ കണ്ണുകളിലെ ദൈന്യത തിരിച്ചറിഞ്ഞ് അവരിലേക്ക് കരങ്ങൾ നീട്ടുന്നതിനാവുന്നത്. സ്വയം ചുരുങ്ങാതെ മറ്റുള്ളവരിലേയ്ക്ക് തുറക്കപ്പെടുവാനുള്ള ഉത്തരവാദിത്വം നമുക്കെല്ലാവർക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. വീടില്ലാത്തവരുടെ വേദന ഉൾക്കൊണ്ടുകൊണ്ട് ഭവന നിർമ്മാണ പദ്ധതിയോട് സഹകരിക്കുവാൻ സന്മനസ്സ് കാട്ടിയവരെ പ്രത്യേകം അനുസ്മരിക്കുകയും ദൈവാനുഗ്രഹം നേരുകയും ചെയ്യുന്നതായി മാർ ജോസ് പുളിക്കൽ പറഞ്ഞു. റവ. ഫാ. ജെയിംസ് തെക്കേമുറിയാണ് പ്രോജക്ട് ഓർഗനൈസർ.
കാഞ്ഞിരപ്പള്ളി രൂപത രൂപതയുടെ പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിൻബോ പദ്ധതിവഴി നിർമ്മിക്കുന്ന 45 ഭവനങ്ങൾക്ക് പുറമേയാണ് ഭവനരഹിതർക്കായി 12 ഭവനങ്ങൾ കപ്പാട് നിർമ്മിക്കുന്നത്. വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർക്കൊപ്പം ഫാ. ജെയിംസ് തെക്കേമുറി, ഫാ ഫിലിപ്പ് തടത്തിൽ, ഫാ. രാജേഷ് മരുതുക്കുന്നേൽ, ഫാ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. ജിൻസ് വാതല്ലൂക്കുന്നേൽ, ഫാ ഉല്ലാസ് ചക്കുംമൂട്ടിൽ, ബ്രദർ . ജോർജ് കുളങ്ങരപറമ്പിൽ, ലിൻസൺ, ഷൈജു, എബി എന്നിവരും ശിലാസ്ഥാപന കർമ്മത്തിൽ സംബന്ധിച്ചു