പി സി ജോർജിന്റെ അറസ്റ്റിൽ പോലീസിനെ വിമർശിച്ച് കോടതി; ‘കാരണം വ്യക്തമാക്കാൻ കഴിഞ്ഞില്ല’
വിദ്വേഷ പ്രസംഗം നടത്തിയതിന് കേസ് എടുത്ത് മുൻ എംഎൽഎ പി സി ജോർജിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പോലീസിന് കോടതിയുടെ വിമർശനം. വിഷയത്തിൽ പി സി ജോർജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ പരാമർശം. ഇതിന്റെ പകർപ്പ് പുറത്തുവന്നു.അറസ്റ്റിന്റെ കാരണം വ്യക്തമാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ എംഎൽഎ ആയതിനാൽ ഒളിവിൽ പോകുമെന്നത് വിശ്വസിക്കുന്നില്ല. പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പി സി ജോർജിന്റെ ആരോഗ്യസ്ഥിതിയും ജാമ്യം അനുവദിക്കുന്നതിനായി പരിഗണിച്ചതായി കോടതി വ്യക്തമാക്കി.
അതേസമയം, പി സി ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പോലീസ് കോടതിയെ സമീപിക്കും. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷമാണ് പോലീസിന്റെ നടപടി. വ്യാഴാഴ്ച, തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാകും ഫോർട്ട് പോലീസ് അപേക്ഷ നൽകുക. മത വിദ്വേഷം വളർത്താൻ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരുന്നത്.
153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി മെയ് ഒന്ന് രാവിലെയായിരുന്നു പോലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്.