സിൽവർലൈൻ : പദ്ധതിയുടെ സാങ്കേതികക്ഷമത വിശദമാക്കിയിട്ടില്ലെന്നു കേന്ദ്ര റെയിൽവേ സഹമന്ത്രി,വിശദാംശം തേടി..
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയിൽ സമർപ്പിച്ച ഡിപിആറിൽ പദ്ധതിയുടെ സാങ്കേതികക്ഷമത വിശദമാക്കിയിട്ടില്ലെന്നു കേന്ദ്ര റെയിൽവേ സഹമന്ത്രി റാവുസാഹിബ് ദൻവേ അറിയിച്ചു. പദ്ധതിയുടെ അലൈൻമെന്റ്, ഏറ്റെടുക്കുന്ന ഭൂമി തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തി സാങ്കേതികക്ഷമതാ വിവരങ്ങൾ ലഭ്യമാക്കാൻ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ. മുരളീധരൻ എംപിക്കു നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സമ്മേളനത്തിൽ മുരളീധരൻ ഉന്നയിച്ച ചോദ്യത്തിനാണു മന്ത്രി ഉത്തരം നൽകിയത്.
സാങ്കേതികക്ഷമത പരിഗണിച്ച ശേഷമാവും പദ്ധതിയുടെ സാമ്പത്തിക വശം പരിശോധിക്കുക. നിക്ഷേപപൂർവ പ്രവൃത്തികൾക്കായി തത്വത്തിലുള്ള അനുമതി മാത്രമാണു മന്ത്രാലയം നിലവിൽ നൽകിയിരിക്കുന്നത്. പദ്ധതിയുടെ പൂർണ വിശദാംശങ്ങൾ ഉൾപ്പെട്ട ഡിപിആർ സമർപ്പിക്കാനുള്ള അനുമതിയാണ് ഇതിലൂടെ നൽകിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.