തുടർച്ചയായ 23ാം ദിവസവും ഇന്ധന വിലയിൽ മാറ്റമില്ല
ന്യൂഡൽഹി: ഏപ്രിൽ 29 ന് തുടർച്ചയായി 23-ാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടർന്നു. നാലര മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 22 ന് നിരക്ക് പരിഷ്കരണം പുനരാരംഭിച്ചതിന് ശേഷം, പെട്രോൾ, ഡീസൽ നിരക്ക് ലിറ്ററിന് 10 രൂപയാണ് വർധിച്ചത്.
ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധനവില വർധിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസയാണ് അന്ന് വർധിപ്പിച്ചത്. ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാത്ത സംസ്ഥാനങ്ങളോട് സംസ്ഥാന നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ അഭ്യർത്ഥിക്കുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഏപ്രിൽ 14 ന് പറഞ്ഞു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളോട് അഭ്യർത്ഥന നടത്തിയിരുന്നു.