അറിയിപ്പ് : എന്റെ തൊഴിൽ എന്റെ അഭിമാനം’ ക്യാമ്പയിനിന്റെ ഭാഗമായി സർവേ.
സംസ്ഥാനത്തെ 20 ലക്ഷം അഭ്യസ്തവിദ്യർക്ക് 2026നുള്ളിൽ തൊഴിൽ ലഭ്യമാക്കുന്ന കേരള നോളജ് ഇക്കണോമി മിഷൻ പദ്ധതിക്കുള്ള സർവേ മെയ് എട്ടുമുതൽ 15 വരെ നടത്തും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ ക്യാമ്പയിനിന്റെ ഭാഗമാണ് സർവേ. വാർഡ്‌തല സർവേയ്‌ക്ക് മാർഗരേഖ പുറത്തിറക്കി. കുടുംബശ്രീ മിഷൻ സഹായിക്കും.
വീടുകളിലെത്തി 18 മുതൽ 59 വരെ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരം ശേഖരിച്ച് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ചേർക്കും.
തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്നതിനാണ് ഡിജിറ്റൽ വർക്ക് ഫോഴ്‌സ് സിസ്റ്റം.
സർവേയ്‌ക്കായി സിഡിഎസിൽ ഒന്ന് വീതം സംസ്ഥാനത്താകെ 1070 കമ്യൂണിറ്റി അംബാസഡർമാരെ നിയമിക്കും. അംബാസഡർമാരെ കുടുംബശ്രീ എം പാനൽ ചെയ്യണം. നിലവിലെ വളന്റിയർമാരെ അംബാസഡർമാരാക്കാം. ഇൻഫർമേഷൻ കേരള മിഷൻ ടെക്‌നിക്കൽ അസിസ്റ്റന്റുമാർ സാങ്കേതിക സഹായവും മൊബൈൽ ആപ് ഉപയോഗിക്കാനും പരിശീലിപ്പിക്കണം.
സർവേയ്‌ക്കായി പഞ്ചായത്ത്, വാർഡ്, ഡിവിഷൻ തല സംഘാടക സമിതി 30നകം രൂപീകരിക്കും. എട്ടിന് രാവിലെ വാർഡ്/ ഡിവിഷൻ മെമ്പർമാരുടെ നേതൃത്വത്തിൽ സർവേ ആരംഭിക്കും.
പഞ്ചായത്തിലെ
തൊഴിൽ അന്വേഷകരുടെ എണ്ണം വാർഡ് അടിസ്ഥാനത്തിൽ തയ്യാറാക്കണം. വിവരത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം.
തൊഴിൽ നൈപുണ്യ പരിശീലനവും സംരംഭക പദ്ധതികളും രൂപപ്പെടുത്തണം.