ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന ഭൂമി വനപ്രദേശമല്ല; ഹൈക്കോടതി
കൊച്ചി: തേയില, കാപ്പി തുടങ്ങി ദീർഘകാല വിളകൾ കൃഷി ചെയ്യാൻ മുഖ്യമായും ഉപയോഗിക്കുന്ന ഭൂമി വനത്തിന്റെ സ്വഭാവവിശേഷമുള്ളതാണെങ്കിലും നിയമപ്രകാരമുള്ള വനത്തിന്റെ നിർവചനത്തിൽ ഉൾപ്പെടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. തേയില, കാപ്പി, റബർ, കുരുമുളക്, ഏലം, തേങ്ങ, അടയ്ക്ക, കശുവണ്ടി തുടങ്ങിയ ദീർഘകാല വിളകൾ മുഖ്യമായി കൃഷി ചെയ്യുന്ന ഭൂമി വനത്തിലെപ്പോലെ തന്നെ സ്വാഭാവികമായി വളർന്ന മരങ്ങൾ, അടിക്കാടുകൾ തുടങ്ങിയവയുള്ളതാണെങ്കിൽപോലും വനത്തിന്റെ നിർവചനത്തിൽ ഉൾപ്പെടില്ലെന്നാണു കോടതി വിശദീകരിച്ചത്.
കേരള വനം (പരിസ്ഥിതി ദുർബല പ്രദേശം ഏറ്റെടുക്കലും പരിപാലിക്കലും) നിയമപ്രകാരം മാനന്തവാടിയിലെ 6.072 ഹെക്ടർ ഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചതിനെതിരെ ഭൂവുടമ തലശ്ശേരി സ്വദേശി എസ്.രവീന്ദ്രനാഥ് പൈ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വനമല്ലാത്ത ഭൂമി, നിയമത്തിലെ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ, പരിസ്ഥിതി ദുർബല പ്രദേശമല്ലെന്നും കോടതി വ്യക്തമാക്കി പരിസ്ഥിതി ദുർബല മേഖലയെന്നു വിജ്ഞാപനം ചെയ്ത നടപടിയും പരിസ്ഥിതി ദുർബല പ്രദേശം സംബന്ധിച്ച കേസ് പരിഗണിക്കുന്ന കോഴിക്കോട് ട്രിബ്യൂണലിന്റെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഈ പ്രദേശം വന്യമൃഗ ആവാസ മേഖലയാണെന്നും മൂന്ന് ഭാഗവും വനത്താൽ ചുറ്റപ്പെട്ടതും തദ്ദേശജന്യമായ ഒട്ടേറെ മരങ്ങൾ ഉള്ളതുമാണ് ഈ ഭൂമിയെന്ന ട്രിബ്യൂണലിന്റെ അഭിപ്രായം അപ്രസക്തമാണ്. നിർദിഷ്ട ഭൂമിയിൽ മുഖ്യ പ്രവർത്തനം കൃഷിയാണെന്നും ദീർഘകാല വിളകളാണെന്നും റിപ്പോർട്ടിൽ നിന്നു വ്യക്തമാണെന്നും കോടതി പറഞ്ഞു