കോഴിയെ ജീവനോടെ തൂവൽ പറിച്ച് വെട്ടി കഷണങ്ങളാക്കിയ ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ. കേരള- തമിഴ്നാട് അതിർത്തിയിൽ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്കവിള സ്വദേശിയും മലയാളിയുമായ മനു ആണ് അറസ്റ്റിലായത്. ചെങ്കവിള കണ്ണനാഗം ജംഗ്ഷനിലെ ഒരു ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ഇയാൾ.
ഇയാൾക്കെതിരെ മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമം- 1960ന്റെ 11 (1) വകുപ്പനുസരിച്ച് കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും കൊല്ലങ്കോട് എസ്ഐ ജയകുമാർ അറിയിച്ചു. കേരള- തമിഴ്നാട് അതിർത്തിയായ ചെങ്കവിളയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വൻ പ്രതിഷേധമുയരുകയും ചെയ്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.
തിരച്ചിലിനൊടുവിലാണ് പിടിയിലായത്.
ഈസ്റ്റർ സമയത്താണ് കോഴിക്കോടയിൽ ഇയാൾ ജോലിക്ക് കയറിയത്. ഈ സമയത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇതോടെ ഇയാൾക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇയാൾക്കെതിരെ നിയമ നടപടിയുണ്ടാവുമെന്ന് എസ്ഐ വ്യക്തമാക്കിയിരുന്നു.