യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ച തുടങ്ങി.
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ച തുടങ്ങി. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനത്തെപ്പറ്റി ചര്‍ച്ചയ്ക്ക് തയാറെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തലാലിന്റെ കുടുംബം 50 ദശലക്ഷം യെമന്‍ റിയാല്‍ (ഒന്നരക്കോടിയിലധികം രൂപ) ആവശ്യപ്പെട്ടുവെന്നും റമസാന്‍ അവസാനിക്കും മുൻപ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, മോചനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് നിമിഷയുടെ ഭർത്താവ് ആവശ്യപ്പെട്ടു. മരിച്ച തലാലിന്റെ ബന്ധുക്കളോടും അവിടത്തെ ജനതയോടും മാപ്പ് അപേക്ഷിക്കാൻ യെമനിലേക്കു പോകുമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നേരത്തേ പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ മകളുമായി അവരുടെ രാജ്യത്തു ചെന്നു മാപ്പു ചോദിക്കാൻ യാത്രയ്ക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം തേടിയിട്ടുണ്ട്.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് തലാൽ കൊല്ലപ്പെട്ടത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യെമൻകാരിയായ സഹപ്രവർത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു, മരണത്തിന് ഇടയാക്കുകയായിരുന്നു.