കെഎസ്ആർടിസി സ്വിഫ്റ്റിന് പത്തു ദിവസത്തെ വരുമാനം 60 ലക്ഷം കടന്നു…


കെഎസ്ആർടിസി സ്വിഫ്റ്റിന് പത്തു ദിവസത്തെ വരുമാനം 61,71,908 രൂപ. സർവീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 20 വരെ 1,26,818 കിലോമീറ്റർ സർവീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്.
എസി സ്ലീപ്പർ ബസിൽനിന്നും 28,04,403 രൂപയും, എസി സീറ്ററിന് 15,66,415 രൂപയും, നോൺ എസി സർവീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവിൽ 30 ബസുകളാണ് സർവീസ് നടത്തുന്നത്. എസി സ്ലീപ്പർ സർവീസിലെ 8 ബസുകളും ബെംഗളൂരുവിലേക്കാണ് സർവീസ് നടത്തുന്നത്.
എസി സീറ്റർ ബസുകൾ പത്തനംതിട്ട- ബെംഗളൂരു, കോഴിക്കോട്- ബെംഗളൂരു എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവീസ് നടത്തിയത്.
തിരുവനന്തപുരത്തു നിന്നും കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങിലേക്കാണ് നോൺ എസി സർവീസ് നടത്തുന്നത്. ബസുകളുടെ പെർമിറ്റിനു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ 100 ബസുകളും സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു.