തീ വിലയിൽ ആദി പിടിച്ചോട്ടം ;വിലക്കയറ്റത്തിൽ നിന്ന് കരകയറാതെ ജനങ്ങൾ…
എത്ര പറഞ്ഞാലും പരിഹാരമില്ലാത്ത പ്രശ്നമായി മാറിക്കഴിഞ്ഞു വിലക്കയറ്റം. നിത്യോപയോഗ സാധനങ്ങൾ മുതൽ തൊടുന്നതിനെല്ലാം വിലകയറുന്ന അവസ്ഥയിലെത്തിയതോടെ കുടുംബ ബജറ്റിനെ കരയ്ക്കടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലാണു സാധാരണക്കാർ. പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റമാണു മാർക്കറ്റിനെ തീപിടിപ്പിക്കുന്നത്. ഇരുചക്ര വാഹന ഉടമകളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് പെട്രോളിന്റെ വിലക്കയറ്റം.
രാജ്യത്ത് ഇന്ധനവും പാചകവാതക സിലിണ്ടറിന്റെയും വില വർധിച്ചതോടെ അവശ്യ സാധനങ്ങളുടെ വിലയിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷണപദാർഥങ്ങൾക്കും വില കൂട്ടി 10 രൂപയായിരുന്ന പൊറോട്ട, ചായ, പലഹാരങ്ങൾക്ക് 12 രൂപയാക്കി.
എട്ടു രൂപയായിരുന്ന കട്ടൻചായ പത്തു രൂപയാക്കി. പഫ്സ് –18 രൂപ സ്പെഷൽ കാപ്പി 20 രൂപ എന്നിങ്ങനെയാണു വില വർധന ഉണ്ടായിരിക്കുന്നത്. അത്യാവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിൽക്കാൻ കഴിയാത്തതുകൊണ്ടാണ് നാലു വർഷത്തിനുശേഷം രണ്ടു രൂപ കൂട്ടിയതെന്നു വ്യാപാരികൾ പറയുന്നു.
ഇടത്തരം കുടുംബങ്ങളുടെ തീൻമേശകളിൽ കോഴി വിഭവങ്ങൾ ആഡംബരമല്ലാതായി മാറിയിട്ടു കാലങ്ങളായി. പക്ഷേ വില കുതിച്ചുകയറാൻ തുടങ്ങിയതോടെ കോഴിക്കറി വയ്ക്കുന്നതു പലരും കുറച്ചു.
ഇറച്ചിക്കോഴിക്കു കിലോഗ്രാമിന് 138–150 രൂപ നിരക്കിലായിരുന്നു ഈസ്റ്റർ ദിവസങ്ങളിൽ ഇറച്ചിക്കോഴി വിലയിൽ കഴിഞ്ഞ ദിവസത്തെക്കാൾ 5–10 രൂപ വരെ കൂടി. നാടൻ കോഴി കിലോഗ്രാമിന് 180–200 രൂപയായിരുന്നു വില. ബീഫിനു കിലോഗ്രാമിനു 360 രൂപ, പന്നിയിറച്ചി– 270–280, മട്ടൺ– 700 എന്നിങ്ങനെ നിരക്കിലായിരുന്നു വിൽപന.
കേരളത്തിൽ പച്ചക്കറി സീസൺ ആരംഭിച്ചെങ്കിലും സിംഹഭാഗവും വരുന്നതു പുറത്തുനിന്നു തന്നെ. പുറത്തുനിന്നെത്തുന്ന വള്ളിപ്പയറിനും ബീൻസിനുമൊക്കെയാണു വില വർധിച്ചത്. കേരളത്തിൽ നിന്നു ലഭിക്കുന്നവയ്ക്കു വലിയതോതിൽ വില കയറാത്തതു മാത്രമാണ് ആശ്വാസം.