അയ്യപ്പ സന്നിധിയിൽ വീണ്ടും സഹസ്ര കലശാഭിഷേകം നടത്തി നട അടച്ചു..
രണ്ടു വർഷത്തിനു ശേഷം അയ്യപ്പ സന്നിധിയിൽ വീണ്ടും സഹസ്ര കലശാഭിഷേകം. കോവിഡ് പ്രതിന്ധി മൂലമായിരുന്നു സഹസ്ര കലശാഭിഷേകം മുടങ്ങിയത്. രണ്ട് ദിവസമായിട്ടായിരുന്നു ചടങ്ങുകൾ. പ്രത്യേകം തയാർ ചെയ്ത മണ്ഡപത്തിൽ കളം വരച്ചു 1001 കലശങ്ങൾവച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പൂജിച്ച് ബ്രഹ്മ കലശവും ഖണ്ഡ ബ്രഹ്മ കലശവും നിറച്ചു.
തന്ത്രിയുടെ കാർമികത്വത്തിൽ ഇന്നലെ വീണ്ടും പൂജ കഴിച്ചാണ് അഭിഷേകത്തിനുള്ള ചടങ്ങ് തുടങ്ങിയത്. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ബ്രഹ്മകലശം എടുത്തു. ഭക്തർ ശബരീശനെ സ്തുതിച്ചു നിൽക്കെ തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ സഹസ്രകലശാഭിഷേകം തുടങ്ങി. അരമണിക്കൂറിലേറെ നീണ്ടുനിന്നു.വൈകിട്ട് പടിപൂജയും പുഷ്പാഭിഷേകവും നടന്നു. അത്താഴ പൂജയ്ക്കു ശേഷം മേൽശാന്തി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കി നട അടച്ചു. ഇടവ മാസ പൂജയ്ക്കായി മേയ് 14ന് വൈകിട്ട് 5ന് നട തുറക്കും.