ഇടുക്കി പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം; അനുമതിയില്ലാതെ വനത്തില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍


ഇടുക്കി പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴി നാട്ടുകാർ തുറന്നിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതിയില്ലാതെ വനത്തില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രംഗത്തെത്തിയത്. ഓഫിസറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം
കോട്ടയം വനം ഡിവിഷന്‍ നഗരംപാറ ഫോറസ്റ്റ് റെയിഞ്ചില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ നോട്ടിഫൈഡ് നഗരംപാറ റിസര്‍വ്വ് വന ഭൂമിയില്‍ ഉള്‍പ്പെടുന്ന പാല്‍കുളമേട് ഭാഗത്ത് അനധികൃതമായി പ്രവേശനവും കൈയ്യേറ്റവും തടയുന്നതിന് വനം വകുപ്പ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിരവധി നാട്ടുകാർ സംഘടിക്കുകയും വനംവകുപ്പ് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടച്ചുവെച്ച വഴി തുറക്കുകയുമായിരുന്നു. ഇതുമൂലം സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും വീണ്ടും പാൽകുളം മേടിൽ എത്താനും കാനന ഭംഗി ആസ്വദിക്കാനും കഴിയുമായിരുന്നു. കുയിലിമല ഉൾപ്പെടെയുള്ള ഇടുക്കി ജില്ലയിലെ മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും സമാനരീതിയിൽ വനം വകുപ്പ് അടച്ചിരിക്കുകയാണ്.
എന്നാൽ ഈ വനഭാഗത്ത് അനുമതിയില്ലാതെ കടന്നു കയറുന്നവര്‍ക്കെതിരെ കേരള വന നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ ഉത്തരവ്. റിസര്‍വ്വ് വനത്തിലേയ്ക്ക് അനുവാദമില്ലാതെ പ്രവേശിക്കുന്നത് കേരള വന നിയമം അനുസരിച്ച് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 1000/രൂപ മുതല്‍ 5000/രൂപ വരെ പിഴയും രണ്ടും കൂടിയും ലഭിക്കാവുന്ന കുറ്റമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.