മലയോര ഹൈവേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള കഠിനശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്; പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്
അമ്പഴച്ചാല്‍, കോവില്‍ക്കടവ് പാലങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
മലയോര ഹൈവേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള കഠിനശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനപാതയുടെ ഭാഗമായ ഇരുട്ടുകാനം ആനച്ചാല്‍ റോഡിലെ അമ്പഴച്ചാല്‍ പാലത്തിന്റേയും മറയൂര്‍ കാന്തല്ലൂര്‍ റോഡിലെ കോവില്‍ക്കടവ് പാലത്തിന്റേയും നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ച് പ്രവര്‍ത്തികളിലെ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നത് പരമപ്രധാനമാണ്. സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് മുമ്പോട്ട് പോകുവാന്‍ വകുപ്പ് ലക്ഷ്യമിടുന്നു. കഴിഞ്ഞ ദിവസം പ്രവൃത്തി പൂര്‍ത്തീകരിച്ച 51 റോഡുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. റോഡുകളുടെ നിലവാരമുയര്‍ത്തി ദീര്‍ഘകാലം നിലനില്‍ക്കുന്ന റോഡുകള്‍ നിര്‍മ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. കിഫ്ബി പ്രവൃത്തികള്‍ ഏറ്റവും അധികമുള്ളത് പൊതുമരാമത്ത് വകുപ്പിലാണ്.
ഗ്രാമീണമേഖലകളില്‍ അടക്കം മികച്ച റോഡുകള്‍ നിര്‍മ്മിക്കാനായി. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ജനങ്ങളിപ്പോള്‍ കാഴ്ച്ചക്കാരല്ല; കാവല്‍ക്കാരാണ്. നിര്‍മ്മാണജോലികള്‍ നല്ലനിലയില്‍ പൂര്‍ത്തീകരിക്കാനുള്ള എല്ലാ സാഹചര്യവും പൊതുമരാമത്ത് വകുപ്പ് ഒരുക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് പതിനയ്യായിരം കിലോമീറ്റര്‍ റോഡ് കൂടി ബി എം ആന്‍ഡ് ബി സി നിലവാരത്തിലേക്കുയര്‍ത്തുകയാണ് ലക്ഷ്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1410 കിലോമീറ്റര്‍ റോഡ് ബി എം ആന്‍ഡ് ബി സി നിലവാരത്തിലേക്കുയര്‍ത്തിക്കഴിഞ്ഞു. 66 പ്രധാന പാലങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശിയപാത 66 ന്റെ വികസനം സാധ്യമാകുകയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാരിന്റെ നൂറ് ദിനകര്‍മ്മപരിപാടികളുടെ ഭാഗമായിട്ടാണ് അമ്പഴച്ചാല്‍ പാലത്തിന്റെയും കോവില്‍ക്കടവ് പാലത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നടത്തിയിട്ടുള്ളത്. 19.25 മീറ്റര്‍ നീളത്തിലാണ് അമ്പഴച്ചാലിലെ പാലം നിര്‍മ്മിക്കുന്നത്. 37.9 മീറ്റര്‍ നീളമാണ് കോവില്‍ക്കടവിലെ പാലത്തിനുള്ളത്. ഇരുപാലങ്ങള്‍ക്കും ഒരു വശത്ത് 1.50 മീറ്ററോടുകൂടിയ നടപ്പാതയുണ്ട്. പുതിയപാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടുന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം കൂടുതല്‍ സുഗമമാകും.
ഉദ്ഘാടന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. അമ്പഴച്ചാലില്‍ സംഘടിപ്പിച്ച പ്രാദേശിക യോഗത്തില്‍ അഡ്വ. എ രാജ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പദ്ധതി നടത്തിപ്പില്‍ ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
പദ്ധതി നടത്തിപ്പില്‍ ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച 4.81 കോടി രൂപയും (100 %) ചെലവഴിച്ചുകൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം സ്വന്തമാക്കിയത്. സംസ്ഥാനതലത്തില്‍ 18ാം സ്ഥാനവും ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. പി.എം.കെ.എസ്സ്.വൈ പദ്ധതിയില്‍ പ്രകൃതിവിഭവ പരിപാലനത്തില്‍ 100 ശതമാനവും ചെലവഴിച്ചു.
പ്ലാസ്റ്റിക് സംസ്‌കരണത്തിന് ബ്ലോക്ക് ആര്‍ആര്‍എഫ്, ഉപ്പുതറ, വണ്ടന്മേട് സിഎച്ച്‌സികളില്‍ സായാഹ്ന ഓപി സൗകര്യം, സിഎച്ച്‌സികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിനും ഉന്നത നിലവാരത്തിലാക്കുന്നതിനുമുള്ള പദ്ധതികള്‍, അംഗപരിമിതര്‍ക്ക് ചലനശ്രവണ സഹായികള്‍, തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതി, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കി. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളും, പിഎംഎവൈ, ലൈഫ് തുടങ്ങി ഭവനപദ്ധതികളും മികച്ചരീതിയില്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയതായി ബ്ലോക്ക് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍, വൈസ് പ്രസിഡന്റ് അന്നമ്മ ജോണ്‍സണ്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സവിത ബിനു, ലാലച്ചന്‍ വെള്ളക്കട, ജലജ വിനോദ് എന്നിവര്‍ പറഞ്ഞു.
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ 3.5 കോടി രൂപയുടെ പദ്ധതികള്‍ സമയബന്ധിതമായി മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുന്നതിനും സാധിച്ചു. മുട്ടകോഴി വിതരണം, അത്യുല്‍പ്പാദന ശേഷിയുള്ള വിദേശയിനം ഫലവൃക്ഷതൈകളുടെ വിതരണം. കിടാരി പരിപാലനം, കുരുമുളക് – കിഴങ്ങുവര്‍ഗ കൃഷിക്ക് ധനസഹായം തുടങ്ങിയ പദ്ധതികള്‍ ഉത്പാദന മേഖലയില്‍ നടപ്പിലാക്കി. കുളങ്ങള്‍, കിണറുകള്‍, മഴവെള്ള സംഭരണികള്‍ തുടങ്ങിയ പ്രകൃതിവിഭവ പരിപാലന പദ്ധതികള്‍ പൂര്‍ണ്ണമായും നടപ്പാക്കുന്നതിന് ബ്ലോക്കിന് കഴിഞ്ഞു.
പതിനാലാം പഞ്ചവത്സര തുടക്കം കുറിക്കുന്ന 2022 -23 വര്‍ഷത്തില്‍ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന എന്ന ലക്ഷ്യത്തോടെ വാര്‍ഷിക ബഡ്ജറ്റ് ജെന്‍ഡര്‍ ബഡ്ജറ്റായി അവതരിപ്പിച്ച് അംഗീകരിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഭരണസമിതി അംഗങ്ങള്‍, മുഴുവന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, എന്നിവരെ പ്രസിഡന്റ് അഭിനന്ദിച്ചു.